അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 12 പോരാട്ടത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. 35 റൺസിനാണ് ന്യൂസിലൻഡ് അയർലൻഡിനെ പരാജയപ്പെടുത്തിയത്. 186 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുളളൂ. ഏഴ് പോയിന്റോടെയാണ് കെയ്ൻ വില്യംസണും സംഘവും ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുന്നത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും അവസാന മത്സരങ്ങൾ നിർണായകമായി. ഗ്രൂപ്പ് ഒന്നിലെ സെമി ചിത്രം അതിന് ശേഷം മാത്രമേ വ്യക്തമാകൂ. വലിയ മാർജിനിൽ ജയിച്ച് നെറ്റ്‌റൺറേറ്റ് മറികടന്നാൽ മാത്രമെ ഇരുവർക്കും സെമിയിലെത്താൻ കഴിയൂ. തോൽവിയോടെ അയർലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.
ന്യൂസിലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നല്ല തുടക്കമാണ് ഓപ്പണർമാരായ പോൾ സല്റ്റിർലിങ്ങും ആൻഡ്രൂ ബാൽബിർനിയും നൽകിയത്. ഒന്നാം വിക്കറ്റിൽ 68 റൺസ് പിറന്നു. എന്നാൽ ക്യാപ്റ്റൻ ബാൾബിർനി പോയതോടെ അയർലൻഡിൻ്റെ പോരാട്ടം അവസാനിച്ചു. ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ ബാൽബിർനിയെ മിച്ചൽ സാന്റ്‌നർ പുറത്താക്കി. 25 പന്തിൽ നിന്ന് 30 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. അടുത്ത ഓവറിൽ സല്റ്റിർലിങ്‌സിനെ മടക്കി ഇഷ് സോധി അയർലൻഡിനെ പ്രതിരോധത്തിലാക്കി. സ്റ്റിർലിംഗിന് പിന്നാലെ ലോർകൻ ടക്കർ (13) നിരാശപ്പെടുത്തി. ഹാരി ടെക്റ്റർ, (2), ഗരേക് ഡെലാനി (10), ജോർജ് ഡോക്‌റെൽ (23), ക്വേർടിസ് കാംഫർ (7), ഫിയോൺ ഹാൻഡ് (5), മാർക് അഡൈർ (4) കിവീസ് ബൗളർമാർ വേഗം കൂടാരം കയറ്റി. ബാരി മക്കാർത്തി (6), ജോഷ്വ ലിറ്റിൽ (8) എന്നിവർ പുറത്താവാതെ നിന്നു. ടിം സൗത്തി, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ അഡ്‌ലെയ്ഡിൽ ടോസ് നേടിയ അയർലൻഡ് ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ്ങ് കൂട്ടുകെട്ടിൽ ഫിൻ അലനും ഡേവിഡ് കോൺവേയും മികച്ച തുടക്കമാണ് കീവിസിന് സമ്മാനിച്ചത്. വില്യംസൺ 35 പന്തിൽ 61 റൺസടിച്ച് കിവീസിൻ്റെ ടോപ് സ്‌കോററായി. ഹാട്രിക്കെടുത്ത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ഡിലനി രണ്ട് വിക്കറ്റെടുത്തപ്പോൾ മാർക്ക് അഡയർ ഒരു വിക്കറ്റെടുത്തു.