സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ ശ്രീലങ്കയ്ക്ക് 168 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഒറ്റയ്ക്ക് നിന്ന് പൊരുതി സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്സാണ് കിവീസിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ഫിലിപ്സ് 104 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വെറും 15 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ പുറത്തായി. ഓപ്പണർമാരായ ഫിൻ അലൻ (1), ഡെവോൺ കോൺവെ (1), നായകൻ കെയ്ൻ വില്യംസൺ (8) എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.
പിന്നീടങ്ങോട്ട് ഗ്ലെൻ ഫിലിപ്സും ഡാരിൽ മിച്ചലുമാണ് ന്യൂസിലൻഡിനെ കരകയറ്റാൻ ശ്രമിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 64 പന്തിൽ നിന്ന് 84 റൺസ് അടിച്ചെടുത്തു. ടീം സ്കോർ 99-ൽ നിൽക്കേ മിച്ചലിനെ പുറത്താക്കി വാനിന്ജു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ നിന്ന് 22 റൺസാണ് മിച്ചലിൻ്റെ സമ്പാദ്യം. പിന്നാലെ വന്ന ഓൾറൗണ്ടർ ജെയിംസ് നീഷാമിനും (5) പിടിച്ചുനിൽക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ മിച്ചൽ സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് സെഞ്ചുറി തികച്ചു. 18-ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഫിലിപ്സ് സെഞ്ചുറി തികച്ചു. 10 ഫോറും നാല് സിക്സും താരത്തിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ലങ്കയ്ക്കായി രജിത രണ്ടും തീഷ്ണയും ഡിസിൽവയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റ് നേടി.