ഹൊബാർട്: ട്വൻറി 20 ലോകകപ്പിൽ സൂപ്പർ-12 പോരാട്ടത്തിൽ നെതർലൻഡിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 20 ഓവറിൽ 135 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. സ്കോർ: ബംഗ്ലാദേശ്-144/8 (20), നെതർലൻഡ്സ്-135 (20).
ഹൊബാർടിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റിനാണ് 144 റൺസെടുത്തത്. 27 പന്തിൽ 38 റൺസെടുത്ത അഫീഫ് ഹൊസൈനാണ് ബംഗ്ലാ കടുവകളുടെ ടോപ് സ്കോറർ. നജ്മുൽ ഹൊസൈൻ ഷാൻറോ 20 പന്തിൽ 25 റൺസെടുത്തു. നായകൻ ഷാക്കിബ് അൽ ഹസൻ 9 പന്തിൽ 7നും, ലിറ്റൻ ദാസ് 11 പന്തിൽ 9നും, സൗമ്യ സർക്കാർ 14 പന്തിൽ 14നും, യാസിർ അലി 5 പന്തിൽ 3നും പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. എട്ടാമനായിറങ്ങി 12 പന്തിൽ പുറത്താകാതെ 20* റൺസെടുത്ത മൊസദേക് ഹൊസൈനാണ് ബംഗ്ലാദേശിനെ അവസാന ഓവറുകളിൽ കാത്തത്. നെതർലൻഡ്സിനായി പോൾ വാൻ മീകെരെനും ബാസ് ഡി ലീഡും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം പ്രിൻഗ്ലിനും ഷരീസ് അഹമ്മദും ലോഗൻ വാൻ ബീക്കും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ടസ്കിൻ അഹമ്മദിന് മുന്നിൽ തുടക്കത്തിലെ നെതർലൻഡ്സ് പതറി. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റുമായി ടസ്കിൻ കൊടുങ്കാറ്റാവുകയായിരുന്നു. ഒന്നാം പന്തിൽ തന്നെ വിക്രംജീത് സിംഗിനെ ടസ്കിൻ, യാസിർ അലിയുടെ കൈകളിലെത്തിച്ചു. രണ്ടാം പന്തിൽ ബാസ് ഡി ലീഡ് നുരുൽ ഹസൻ്റെ കൈകളിൽ അവസാനിച്ചു. ഷാക്കിബ് അൽ ഹസൻ എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിൽ മാക്സ് ഒഡൗഡും(8 പന്തിൽ 8), നാലാം പന്തിൽ ടോം കൂപ്പറും(0 പന്തിൽ 0) റണ്ണൗട്ടായി. കോളിൻ അക്കർമാന്നിനൊപ്പം നായകൻ സ്കോട് എഡ്വേഡ്സ് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഷാക്കിബിൻ്റെ ഓവർ വീണ്ടും വഴിത്തിരിവായി. 12-ാം ഓവറിൽ എഡ്വേഡ്സിനെ(24 പന്തിൽ 16) ഷാക്കിബും, 13-ാം ഓവറിൽ ടിം പ്രിൻഗ്ലിനെ(6 പന്തിൽ 1) ഹസൻ മഹ്മൂദും പുറത്താക്കി. 12.5 ഓവറിൽ നെതർലൻഡ്സ് 66-6 എന്ന നിലയിൽ നിൽക്കേ ഹൊബാർടിൽ മഴ കളി തടസപ്പെടുത്തി. കളി പുനരാരംഭിച്ചതിന് പിന്നാലെ ലോഗൻ വാൻ ബിക്കിനെ(5 പന്തിൽ 2) ഹസൻ മഹ്മൂദും, ഷരീസ് അഹമ്മദിനെ(8 പന്തിൽ 9) ടസ്കിൻ അഹമ്മദും പുറത്താക്കി. അർധ സെഞ്ചുറി നേടിയ കോളിൻ അക്കർമാനെ(48 പന്തിൽ 62) 17-ാം ഓവറിൽ പുറത്താക്കി ടസ്കിൻ നാല് വിക്കറ്റ് തികച്ചു. നെതർലൻഡ്സ് ഇന്നിംഗ്സിലെ അവസാന പന്തിൽ സൗമ്യ സർക്കാർ, പോൾ വാൻ മീകെരെനെ(14 പന്തിൽ 24) ബൗണ്ടറിലൈനിനരികെ ലിറ്റണിൻ്റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് വിജയിച്ചു.