സിഡ്‌നി: ട്വൻറി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് തുടക്കം. സൂപ്പർ 12-ലെ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനെതിരേ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് 201 റൺസ് വിജയലക്ഷ്യം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികൾ തകർപ്പൻ അർധ സെഞ്ചുറി നേടിയ ദേവോൺ കോൺവേയുടെ കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസെടുത്തു. കോൺവേ 58 പന്തിൽ 92* റൺസ് നേടി. സഹ ഓപ്പണർ ഫിൻ അലൻ 16 പന്തിൽ 42 റൺസ് അടിച്ചുകൂട്ടി.
ഓപ്പണർമാരായ ഡെവോൺ കോൺവെയും ഫിൻ അലനും മികച്ച തുടക്കം നൽകി.ടീമിന് അലനായിരുന്നു കൂടുതൽ അപകടകാരി. ആദ്യ വിക്കറ്റിൽ കോൺവെയ്‌ക്കൊപ്പം വെറും 4.1 ഓവറിൽ 56 റൺസാണ് അലൻ കൂട്ടിച്ചേർത്തത്. വെറും 16 പന്തുകളിൽ നിന്ന് അഞ്ച് ഫോറിൻ്റെയും മൂന്ന് സിക്‌സിൻ്റെയും സഹായത്തോടെ 42 റൺസാണ് താരം അടിച്ചെടുത്തത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലനെ ജോഷ് ഹെയ്‌സൽവുഡ് ക്ലീൻ ബൗൾഡാക്കി. അലൻ മടങ്ങുമ്പോൾ ന്യൂസീലൻഡ് മികച്ച സ്‌കോറിലെത്തിയിരുന്നു. അലന് പകരം കെയ്ൻ വില്യംസൺ ക്രീസിലെത്തി. വില്യംസൺ സൂക്ഷിച്ച് കളിച്ചപ്പോൾ കോൺവേ ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്തു. റൺറേറ്റ് കുറയാതെ ഇരുവരും ടീം സ്‌കോർ ഉയർത്തി. 11-ാം ഓവറിൽ ന്യൂസീലൻഡ് 100 റൺസ് കടന്നു.
13-ാം ഓവറിലെ ആദ്യ പന്തിൽ സ്‌പിന്നർ ആദം സാംപയെ സിക്‌സിന് പറത്തി കോൺവേ അർധ സെഞ്ചുറി തികച്ചു. 36 പന്തിലാണ് താരം 50 തികച്ചത്. അവസാന പന്തിൽ കെയ്‌ൻ വില്യംസണെ സാംപ എൽബിയിൽ കുരുക്കുമ്പോൾ ന്യൂസിലൻഡ് 125ലെത്തിയിരുന്നു. 23 പന്തിൽ 23 റൺസായിരുന്നു വില്യംസണിൻ്റെ സമ്പാദ്യം. 15 ഓവറിൽ 144-2 ആയിരുന്നു കിവികളുടെ സ്‌കോർ. ഹേസൽവുഡിൻ്റെ17-ാം ഓവറിലെ അവസാന പന്ത് ഗ്ലെൻ ഫിലിപ്‌സിന്(10 പന്തിൽ 12) പുറത്തേക്കുള്ള വഴിയൊരുക്കി. പിന്നാലെ ക്രീസിലെത്തിയത് വെടിക്കെട്ട് വീരൻ ജിമ്മി നീഷാം. 20 ഓവർ പൂർത്തിയാകുമ്പോൾ കോൺവേ 58 പന്തിൽ 92* ഉം, നീഷാം 13 പന്തിൽ 26* റൺസെടുത്തും പുറത്താകാതെ നിന്നു. ജോഷ് ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ ആദം സാംപയും വിക്കറ്റെടുത്തു.