ഗീലോങ്: ട്വൻറി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പർ-12ൽ. നെതർലൻഡ്സിനെതിരെ 16 റൺസിനാണ് ലങ്കൻ ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ പാതും നിസങ്ക ഇത്തവണ 21 പന്തിൽ 14 റൺസെടുത്ത് പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിൻ്റെ ബാറ്റിംഗാണ് നെതർലൻഡ്സിനെതിരെ തുണച്ചത്. 44 പന്ത് നേരിട്ട മെൻഡിസ് അഞ്ച് വീതം ഫോറും സിക്സറും സഹിതം 79 റൺസെടുത്തു. ഫിഫ്റ്റിക്ക് ശേഷം അവസാന ഓവറുകളിൽ മെൻഡിസ് നടത്തിയ കൂറ്റനടികളാണ് ശ്രീലങ്കയെ 160 കടത്തിയത്. ഭാനുക രജപക്സെയും (13 പന്തിൽ 19) മികച്ചുനിന്നു. 44 പന്തുകളിൽ 79 റൺസെടുത്ത മെൻഡിസ് അവസാന ഓവറിൽ പുറത്താവുകയായിരുന്നു. നെതർലൻഡ്സിനായി ബാസ് ഡി ലീഡും പോൾ വാൻ മീകെരെനും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം വാൻ ഡെർ ഗുഗ്ടെനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ നെതർലൻഡിനും മോശം തുടക്കമാണ് ലഭിച്ചത്. 7 റൺസ് മാത്രം നേടിയ വിക്രംജിത്ത് സിംഗ് 4ആം ഓവറിൽ പുറത്തായതിനു പിന്നാലെ തുടർച്ചയായ ഇടവേളകളിൽ നെതർലൻഡിനു വിക്കറ്റ് നഷ്ടമായി. നെതർലൻഡിൻ്റെ 6 താരങ്ങളാണ് ഒറ്റയക്കത്തിൽ പുറത്തായത്. സ്കോട്ട് എഡ്വാർഡ്സ് (15 പന്തിൽ 21), ബസ് ഡെ ലീഡ് (10 പന്തിൽ 14) എന്നിവർ ഭേദപ്പെട്ടുനിന്നപ്പോൾ 53 പന്തുകളിൽ 71 റൺസെടുത്ത് പുറത്താവാതെ നിന്ന ഓപ്പണർ മാക്സ് ഒഡോവ്ഡ് ആണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ. വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി.