പാരീസ്: ഈ വർഷത്തെ ഫിഫ ബാലൻ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസിമയ്ക്ക്. 2021-22 സീസണിൽ 48 ഗോളും 15 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരം ബെൻസിമ സ്വന്തമാക്കിയത്. കൂടാതെ റയലിനൊപ്പം ചാംപ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ നേഷൻസ് ലീഗ്, സൂപ്പർ കോപ്പ ഡെ എസ്പാനിയ തുടങ്ങിയ കിരീടങ്ങൾ ബെൻസി സ്വന്തമാക്കി. 1998 ന് ശേഷമാണ് ഒരു ഫ്രഞ്ച് താരം ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്. ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിൻ്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലിയോണൽ മെസ്സിക്ക് സാധ്യതാ പട്ടകയിൽ ഇടംനേടാനായില്ലെന്നതും ചർച്ചയായിരുന്നു.
മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെ കരസ്ഥമാക്കി. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം ബാർസലോണ താരം റോബർട്ട് ലെവൻഡോവ്സ്കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി. മികച്ച വനിതാ താരത്തിനുളള ബലോൺ ദ്യോർ പുരസ്കാരം അലക്സിയ പ്യുതേയാസ്സിനാണ്. തുടച്ചയായ രണ്ടാം തവണയാണ് സ്പാനിഷ് താരം അലക്സിയ ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്.