ബ്രിസ്‌ബേൻ: ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. കെ എൽ രാഹുലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും അർധസെഞ്ചുറി കരുത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസീസിനായി കെയ്‌ൻ റിച്ചാർഡ്‌സൺ നാല് വിക്കറ്റ് വീഴ്‌ത്തി.
കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 27 പന്തിൽ രാഹുൽ അർധ സെഞ്ചുറി പിന്നിട്ടപ്പോൾ ഇന്ത്യ പവർപ്ലേയിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 69 റൺസിലെത്തി. എന്നാൽ ഓപ്പണർമാരെ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഓസീസ് സ്‌പിന്നർമാർ ട്വിസ്റ്റ് ഒരുക്കി. ഗ്ലെൻ മാക്‌സ്‌വെല്ലിൻ്റെ എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ(33 പന്തിൽ 57) അഗറിൻ്റെ ക്യാച്ചിൽ പുറത്തായി. തൊട്ടടുത്ത ഓവറിൽ രോഹിതും (15) മടങ്ങി. പിന്നാലെ ക്രീസിലൊന്നിച്ച വിരാട് കോലിയും സൂര്യകുമാർ യാദവും കരുതലോടെയാണ് തുടങ്ങിയത്. കോലിയെ(13 പന്തിൽ 19) 13-ാം ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ(5 പന്തിൽ 2) 14-ാം ഓവറിലെ നാലാം പന്തിൽ കെയ്‌ൻ റിച്ചാർഡ്‌സണും പുറത്താക്കിയതോടെ ഇന്ത്യ 127-4 എന്ന നിലയിലായി.
ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ദിനേഷ് കാർത്തികും (20) റിച്ചാർഡ്സണിൻ്റെ ഇരയായി മടങ്ങി. 32 പന്തുകളിൽ ഫിഫ്റ്റിയടിച്ച സൂര്യകുമാറും അശ്വിനും (6) റിച്ചാർഡ്സൺ എറിഞ്ഞ അവസാന ഓവറിൽ പുറത്തായി.