ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ. പാകിസ്താനെതിരെ നടന്ന സെമിഫൈനലിൽ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ ബിസ്മ മറൂഫ് (42) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹർഷിത മാധവിയാണ് 36 റൺസടിച്ച് ടോപ് സ്കോററായത്. അനുഷിക സഞ്ജീവനി 26 റൺസടിച്ചു. പാകിസ്താനു വേണ്ടി നഷ്റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. റുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ബിസ്മ മറൂഫ്(41 പന്തിൽ 42) റൺസടിച്ച് പാക്കിസ്ഥാൻ്റെ ടോപ് സ്കോററായി. നിദാ ദറിൻ്റെ പോരാട്ടം(26 പന്തിൽ 26) വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ റണ്ണൗട്ടായത് പാക്കിസ്ഥാന് കനത്ത പ്രഹരമായി.
ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.