കൊച്ചി: ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹർമൻജോത് ഖബ്രയുടെ ഓവർഹെഡ് പാസിൽ നിന്നായിരുന്നു ലൂണ ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. ഈസ്റ്റ് ബംഗ്ലാൾ ഗോൾകീപ്പർ കമൽജിത്ത് സിംഗിൻ്റെ തകർപ്പൻ സേവുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ സ്കോറിങ്ങ് മൂന്ന് ഗോളിൽ ഒതുക്കിയത്.
മത്സരത്തിൽ 22 ഷോട്ടുകൾ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോൾ 10 എണ്ണം ഗോൾ ലക്ഷ്യമാക്കാൻ മഞ്ഞപ്പടക്കായി. കളിയിൽ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാൻ കേരളത്തിനായി. 88ാം മിനുറ്റി്ൽ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോൾ സ്കോർ ചെയ്തു. ആദ്യ ഗോളടിച്ചശേഷം കോച്ച് ഇവാൻ വുകാമനോവിച്ചിന് കീഴിൽ കളി തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ജയത്തോടെ ബ്ലാസ്റ്റേഴ്സിനായി. ഈ മാസം 16ന് എടികെ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.