ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒമ്പത് റൺസിന് തോറ്റെങ്കിലും ബാറ്റിംഗ് നിരയിൽ തല ഉയർത്തി മടങ്ങിയത് മലയാളി താരം സഞ്ജു സാംസൺ മാത്രം. മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ അവസാനം വരെ പൊരുതിയ സഞ്ജു 63 പന്തിൽ 86 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. വലിയ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യൻ ടീമിന് ഏറെ നേരം പ്രതീക്ഷയുടെ നാളങ്ങൾ സമ്മാനിച്ചാണ് സഞ്ജു സാംസൺ ക്രീസ് വിട്ടത്. നാലു വിക്കറ്റ് നഷ്ടമായി നടുവൊടിഞ്ഞു നിൽക്കുമ്പോൾ അതിസാഹസത്തിന് മുതിരാതെ ശ്രേയസ് അയ്യർക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനാണ് സഞ്ജു തുടക്കത്തിൽ ശ്രമിച്ചത്. ശ്രേയസിനൊപ്പം 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഞ്ജു ഇന്ത്യയെ 100 കടത്തി. എന്നാൽ ശ്രേയസ്സിൻ്റെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ പതറിയെന്ന് തോന്നിച്ചു. എന്നാൽ ശാർദൂൽ ഠാക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു നേടിയത് 93 റൺസാണ്.
ഷംസി എറിഞ്ഞ അവസാന ഓവറിൽ 30 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയും നേടി സഞ്ജു പോരാട്ടം തുടർന്നു. നാലാം പന്തിൽ സഞ്ജുവിന് ബൗണ്ടറി കണ്ടെത്താനായില്ല. അഞ്ചാം പന്തിൽ വീണ്ടും സഞ്ജുവിൻ്റെ ബൗണ്ടറി. അവസാന പന്തിൽ സിംഗിൾ. വിജയലക്ഷ്യത്തെ സഞ്ജു എത്തിപിടിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം വീണുപോയി. 63 പന്തുകളിൽ നിന്ന് ഒൻപത് ഫോറിൻ്റെയും മൂന്ന് സിക്സിൻ്റെയും സഹായത്തോടെ 86 റൺസെടുത്താണ് മലയാളി താരം അപരാജിതനായി നിന്നത്.
സഞ്ജുവിനെ പുകഴ്ത്തി നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥാനമുറപ്പിച്ചെന്നും ഋഷഭ് പന്തിന് പകരം സഞ്ജുവിന് അവസരം കൊടുക്കണമെന്നും ആരാധകർ പറയുന്നു. സഞ്ജുവിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ഐ.പി.എൽ ടീമുകളും രംഗത്തെത്തിയിട്ടുണ്ട്.