ദേശീയ ഗെയിംസ് വനിതകളുടെ ലോംഗ് ജമ്പിൽ കേരളത്തിന് സ്വർണം. നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. ഈയിനത്തിൽ മൂന്ന് കേരള താരങ്ങളാണ് മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലടക്കം പങ്കെടുത്ത ആൻസി സോജന് മെഡൽ നേടാനായില്ല. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം. 9 സ്വർണവും 11 വെള്ളിയും 6 വെങ്കലവുമക്കം 26 മെഡലുകളുള്ള കേരളം 9–ാം സ്ഥാനത്താണ്. സർവീസസാണ് ഒന്നാമത്.
വനിതകളുടെ ലോംഗ് ജമ്പിൽ കേരളം പതിവ് കാത്തു. 6.33 മീറ്റർ ദൂരം ചാടി നയന ജെയിംസാണ് സ്വർണം ചൂടിയത്. 6.24 മീറ്റർ ചാടിയ ശ്രുതി ലക്ഷ്മിക്കാണ് ഈ ഇനത്തിൽ വെങ്കലം. ഹെപ്റ്റാത്തലണിൽ കേരളത്തിൻ്റെ മറീൻ ജോർജ്ജ് വെളളി നേടി. റോവിംഗ് ടീം ഇനത്തിലും കേരളം സ്വർണം നേടി. വനിതകളുടെ 3-3 ബാസ്ക്കറ്റ് ബോളിൽ തെലങ്കാനയോട് തോറ്റ കേരളം വെളളി കൊണ്ട് തൃപ്തിപ്പെട്ടു. സ്റ്റെഫി നിക്സൺ അടക്കമുളള ടീം 17-13 എന്ന സ്കോറിനാണ് തോറ്റത്. ഫെൻസിംഗിൽ ഫോയിൽ ടീം ഇനത്തിലും കേരളം വെളളികോണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ മണിപ്പൂരിനോടാണ് 45-41 എന്ന സ്കോറിന് കേരളം കീഴടങ്ങിയത്. അത്ലറ്റിക്സ് മത്സരങ്ങൾ ഇന്നു സമാപിക്കും.