ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ലെന്നുറപ്പായി. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിസിസിഐ പ്രസ്താവന പുറത്തുവിട്ടു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ബുമ്ര. മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവിൽ സ്ഥിരീകരിച്ചത്. ബുംറയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പിൽ ബുംറ, രവീന്ദ്ര ജഡേജ എന്നീ രണ്ട് സുപ്രധാന താരങ്ങൾ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.
ജസ്പ്രീത് ബുമ്ര ലോകകപ്പിൽ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ നേരത്തെ പരിശീലകൻ രാഹുൽ ദ്രാവിഡോ ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ബുമ്ര രണ്ടും മൂന്നും മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുമ്രയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ പ്രകടനം കൂടുതൽ ദുഷ്കരമാക്കും എന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറഞ്ഞിരുന്നു. ‘ലോകത്ത് ബുംറയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുംറയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല’– വാട്സൺ കൂട്ടിച്ചേർത്തു.