ധാക്ക: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പിന് എത്തുന്നത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാർ ആപ്പിലും സംപ്രേഷണമുണ്ട്.
ആതിഥേയരായ ബംഗ്ലദേശും തായ്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വനിതാ ഏഷ്യാ കപ്പ് നടക്കുന്നത്. വനിതാ ഏഷ്യാകപ്പിൻ്റെ എട്ടാം പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ടൂർണമെന്റിൽ ഇതുവരെ കൂടുതൽ കിരീടം നേടിയത് ടീം ഇന്ത്യയാണ്.
ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ലീഗ് മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ സെമി കളിക്കും. ഈ മാസം 15നാണ് ഏഷ്യയിലെ ക്രിക്കറ്റ് രാജ്ഞിമാരെ കണ്ടെത്താനുളള കലാശപ്പോരാട്ടം.