ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ട്വൻറി-20 പരമ്പര ടീം ഇന്ത്യയ്ക്ക്. ജയത്തോടെ 2-1 ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും തകർത്തടിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യ കുമാർ 36 പന്തിൽ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 69 റൺസെടുത്തപ്പോൾ കോഹ്ലി 48 പന്തിൽ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിൽ 63 റൺസെടുത്തു.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കാമറൂൺഗ്രീനിൻറെയും ടിം ഡേവിഡിൻറെയും വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസിന് മികച്ചസ്കോർ സമ്മാനിച്ചത്. 21 പന്തുകൾ നേരിട്ട ഗ്രീൻ മൂന്ന് സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 52 റൺസ് നേടി. ടിം 27 പന്തിൽ 54 റൺസ് നേടി. ടിം ഡേവിഡിൻ്റെ മിന്നും പ്രകടനമാണ് അവസാന ഓവറുകളിൽ ഓസീസ് സ്കോറിങ്ങിന് കരുത്തേകിയത്. ഡാനിയേൽ സാംസ് 20 പന്തിൽ 28 റൺസ് നേടി ടിം ഡേവിഡിന് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഒരു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 5 റൺസ് മാത്രമുള്ളപ്പോൾ കെ എൽ രാഹുൽ(4 പന്തിൽ 1) പുറത്തായി. പിന്നാലെ 14 പന്തിൽ 17 എടുത്ത ക്യാപ്റ്റൻ രോഹിത്തിനെയും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച സൂര്യ കോഹ്ലി സഖ്യം ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചു. ഒരുപന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹാർദിക് പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തു. പാണ്ഡ്യ 15 പന്തിൽ 25ഉം ഡികെ 1 പന്തിൽ ഒന്നും റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ മത്സരത്തിലെ താരമായപ്പോൾ അക്സർ പട്ടേൽ പരമ്പരയിലെ താരമായി.