ലണ്ടൻ: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് തോൽവിയോടെ മടക്കം. ലേവർ കപ്പിൽ ഫെഡറൽ – നദാൽ സഖ്യം ഫ്രാൻസിൻ്റെ തിയോഫ- ജാക്സോഖ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്. സ്കോർ: 6-4, 6-7, 11-9. റോജർ ഫെഡററുടെ 24 വർഷം നീണ്ടുനിന്ന ടെന്നീസ് കരിയറിനാണ് ഇതോടെ അവസാനമായത്. ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവർ കപ്പിൽ കൂട്ടുകാരനും ദീർഘകാര എതിരാളിയുമായ റാഫേൽ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജർ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫ്രാൻസിൻ്റെ തിയാഫോ-ജാക്സോക് സഖ്യത്തിന് മുന്നിൽ ഇരുവരും പൊരുതി വീണു. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറർ ടെന്നീസ് കോർട്ട് വിട്ടത്. 20 ഗ്രാൻഡ്സ്ലാം കിരീടനേട്ടവുമായാണ് കളിക്കളത്തിൽ നിന്ന് 41കാരൻ്റെ തിരിച്ചുപോക്ക്.
‘ ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് പിന്തുണനൽകാൻ ധാരാളം പേരുണ്ട്. എൻ്റെ കുടുംബം ഇന്നിവിടെയുണ്ട്. എൻ്റെ ഭാര്യയാണ് എൻ്റെ ശക്തി. അവളുടെ പിന്തുണകൊണ്ടുമാത്രമാണ് ഇത്രയും നാൾ എനിക്ക് കോർട്ടിൽ തിളങ്ങാനായത്. എനിക്ക് മുൻപേ വിരമിക്കാമായിരുന്നു. പക്ഷേ എൻ്റെ ഭാര്യ അതിന് അനുവദിച്ചില്ല. അവൾ എന്നോട് ടെന്നീസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ഞാൻ എൻ്റെ അമ്മയെയും സ്മരിക്കുന്നു. അമ്മയില്ലായിരുന്നുവെങ്കിൽ ഞാനിവിടെയുണ്ടാകുമായിരുന്നില്ല. അച്ഛൻ്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ദൈവത്തിന് നന്ദി എല്ലാവർക്കും നന്ദി.’ കണ്ണീരോടെ ഫെഡറർ പറഞ്ഞു.