നാഗ്പുർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റിൻ്റെ ജയം. നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 8 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ മുന്നോട്ടുവച്ച 91 റൺസ് വിജലക്ഷ്യം 2 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. 20 പന്തുകളിൽ 46 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത്താണ് ഇന്ത്യയുടെ വിജയശില്പി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എടുത്തു. ഓസീസ് ക്യാപ്റ്റൻ മാത്യു വെയ്ഡ് 19 പന്തിൽ 43 റൺസെടുത്തു. ആരോൺ ഫിഞ്ച് 15 പന്തിൽ 31 റൺസെടുത്തു. ഇന്ത്യക്കായി അക്സർ പട്ടേൽ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതലേ ആക്രമിച്ചാണ് കളിച്ചത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ ആദ്യ ഓവറിൽ രോഹിത് ശർമ്മയും ലോകേഷ് രാഹുലും ചേർന്ന് അടിച്ച് കൂട്ടിയത് 20 റൺസ്. ആദം സാംപ എറിഞ്ഞ മൂന്നാം ഓവറിൽ കെ എൽ രാഹുലിനെ(6 പന്തിൽ 10) ഇന്ത്യക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ കോഹ്ലിയും സൂര്യകുമാറും മടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ ഒരു സൈഡിൽ പിടിച്ചുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ മുന്നോട്ടുനയിച്ചു. അവസാന രണ്ടോവറിൽ 22 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പാറ്റ് കമിൻസ് എറിഞ്ഞ ഏഴാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യയെ(9 പന്തിൽ 9) നഷ്ടമായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയുടെ ലക്ഷ്യം അവസാന ഓവറിൽ 9 റൺസായി ചുരുക്കി. ഫിനിഷറായി ക്രീസിലെത്തിയ ദിനേശ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും അടിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഓസ്ട്രേലിയക്കായി ആദം സാമ്പ 2 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 25ന് ഹൈദരാബാദിൽ നടക്കും.