ലണ്ടൻ: ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ വിരമിക്കൽ മത്സരം ഇന്ന്. ലേവർ കപ്പിൽ കൂട്ടുകാരൻ റാഫേൽ നദാലിനൊപ്പമാണ് സ്വിസ് താരം റാക്കറ്റേന്തുക. ഡബിൾസിൽ കളിക്കണമെന്ന് ഫെഡറർ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 11ന് ശേഷമാണ് മത്സരം. ലോക ടീമിൻ്റെ ഫ്രാൻസെസ് തിയാഫോ–ജാക് സോക് സഖ്യമാണ് ഫെഡറർ–നദാൽ സഖ്യത്തിൻ്റെ എതിരാളികൾ. ഈ മാസം 16നാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്.
41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. 20 ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുളള ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിലെ മികച്ച താരങ്ങളിൽ ഒരാളായി. 2003ലാണ് ഫെഡറര്‍ തൻ്റെ ആദ്യ ഗ്രാന്റ് സ്ലാമും വിംബിള്‍ഡന്‍ കിരീടവും നേടുന്നത്. ആറ് ഓസ്ട്രേലിയന്‍ ഓപ്പണും, ഒരു ഫ്രഞ്ച് കപ്പും എട്ട് വിംബിള്‍ഡനും അഞ്ച് യുഎസ് ഓപ്പണ്‍ ടൈറ്റിലും ഫെഡറര്‍ നേടിയിട്ടുണ്ട്. 2008 ഒളിമ്പിക്സില്‍ സ്വര്‍ണ്ണവും 2012 ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിയും താരത്തിൻ്റെ പേരിലുണ്ട്. ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ തുടര്‍ച്ചായായി ഒന്നാം സ്ഥാനത്തായിരുന്നു. അത് റെക്കോഡാണ്. പുരുഷ പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.