കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് പത്ത് വിക്കറ്റ് ജയം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 200 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് പിന്തുടര്ന്ന് ജയിക്കുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ. ബാബര്‍ 66 പന്തില്‍ പുറത്താവാതെ നേടിയ 110 റണ്‍സാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റിസ്വാന് 51 പന്തില്‍ 88 റണ്‍സുമായി ബാബറിന് കൂട്ടുനിന്നു. 66 പന്തില്‍ അഞ്ച് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാബർ അസമിന്റെ ഇന്നിംഗ്സ്. ബാബറിൻ്റെ രണ്ടാം ട്വന്റി 20 സെഞ്ചുറിയാണിത്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന അസം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. ആദ്യ മത്സരം ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 23 പന്തുകളില്‍ നിന്ന് നാല് വീതം സിക്സിൻ്റെയും ഫോറിൻ്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന് മോയിന്‍ അലിയുടെ മികവിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 43 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി ഷാനവാസ് ദഹാനിയും ഹാരിസ് റൗഫും റണ്ട് വിക്കറ്റ് വീതം നേടി.