വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമമായി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് മത്സരക്രമം പുറത്ത് വിട്ടത്. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഒക്ടോബർ ഒന്നിന് ബംഗ്ലാദേശും തായ്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ.
ഒക്ടോബർ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ലീഗ് മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ സെമി കളിക്കും.