കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ പാകിസ്താന് തോൽവി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം 4 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത ഓവറിൽ 158 റൺസ് എടുത്തു. പാകിസ്താന് വേണ്ടി മുഹമ്മദ് റിസ്വാൻ 46 പന്തുകളില്‍ നിന്ന് 68 റൺസ് നേടി.
മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചത്. ആദ്യ വിക്കറ്റിൽ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് 85 റൺസ് കൂട്ടിച്ചേർത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. നായകന് ബാബര്‍ അസം 24 പന്തുകളില്‍ നിന്ന് 31 റൺസ് എടുത്ത് മടങ്ങി. ഹൈദർ അലി (11), ഷാൻ മസൂദ് (7) എന്നിവർ വേഗം മടങ്ങി. ഇതിനിടെ മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന റിസ്വാനും പുറത്തായതോടെ പാകിസ്താൻ പരുങ്ങലിലായി. ഇഫ്തിക്കാർ അഹ്മദ് (28) മാത്രമാണ് പിന്നീട് മികച്ച പ്രകടനം നടത്തിയത്. മുഹമ്മദ് നവാസ് (4), നസീം ഷാ (0) എന്നിവർ വേഗം പുറത്തായി.
159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി അലക്സ് ഹെയിൽസ് (53) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഡേവിഡ് മലാൻ (20), ബെൻ ഡക്കറ്റ് (21) എന്നിവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി മടങ്ങി. 42 റൺസെടുത്ത് പുറത്താവാതെ നിന്ന ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിനു വിജയം സമ്മാനിച്ചത്. സെപ്റ്റംബര്‍ 22 നാണ് അടുത്ത മത്സരം.