മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കാമറൂൺ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് ഓസീസ് ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. 30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിൻ്റെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒമ്പത് പന്തിൽ 11 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായി. പിന്നാലെ വന്ന വിരാട് കോലി കാര്യമായ സംഭാവന ചെയ്യാനാകാതെ ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കെ.എൽ രാഹുലും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 42 പന്തിൽ 68 റൺസിൻ്റെ കൂട്ടുകെട്ട് പങ്കിട്ടു. ഇതിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയും കരിയറിലെ 18ാം ഫിഫ്റ്റിയും രാഹുൽ നേടി. 35 പന്ത് നേരിട്ട രാഹുല്‍ മൂന്ന് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സ് നേടി. സൂര്യ കുമാര്‍ യാദവ് 25 പന്തില്‍ 46 റണ്‍സ് നേടി രാഹുലിന് മികച്ച പിന്തുണ നൽകി. 30 പന്തില്‍ 71 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹര്‍ദിക്കിൻ്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കായി ക്യാപ്റ്റന്‍ ആരന് ഫിഞ്ച് 13 പന്തില്‍ 22 റണ്‍സ് നേടി. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് കാമറൂണ്‍ ഗ്രീൻ സഖ്യം ഓസ്ട്രേലിയയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 70 റൺസിൻ്റെ കൂട്ടുകെട്ട് പങ്കിട്ടു. 30 പന്ത് നേരിട്ട ഗ്രീന്‍ എട്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 61 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 35 റണ്‍സെടുത്ത് പുറത്തായി. ഗ്രീനും സ്മിത്തും പുറത്തായെങ്കിലും പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്ഡ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അക്സര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി. 23ന് മഹാരാഷ്ട്രയിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടി20 മത്സരം.