മുംബൈ: മുംബൈ ഇന്ത്യൻസിൻ്റെ പുതിയ പരിശീലകനായി മാർക്ക് ബൗച്ചർ. ദക്ഷിണാഫ്രിക്കയുടെ മുൻ താരമാണ് മാർക്ക് ബൗച്ചർ. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ജയവർധനെ ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്നാണ് ജയവർധനെ മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം പരിശീലകനായിരുന്ന ബൗച്ചര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.
2017 മുതലാണ് ജയവർധനെ മുംബൈയുടെ മുഖ്യ പരിശീലകനായത്. ജയവർധനെയ്ക്ക് കീഴിൽ മുംബൈ 2017, 2019, 2020, എന്നീ വർഷങ്ങളിൽ ഐപിഎൽ കിരീടങ്ങൾ നേടി. ഇക്കൊല്ലം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകളെ വാങ്ങിയിരുന്നു. ഈ മൂന്ന് ടീമുകളുടെയും ആകെ മേൽനോട്ടമാവും ഇനി ജയവർധനെ വഹിക്കുക. മുംബൈ ഇന്ത്യൻസിൻ്റെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും ആ സ്ഥാനമൊഴിഞ്ഞിരുന്നു. താരം ഇനി മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി പ്രവർത്തിക്കും.