ബെല്‍ഗ്രേഡ്: സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം. 53 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് നേട്ടം. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ സ്വീഡന്റെ എമ്മ മാമ്ഗ്രെനെ മലര്‍ത്തിയടിച്ചാണ്(സ്കോര്‍-8-0) വിനേഷ് ഫോഗട്ട് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് വിനേഷ് ഇന്ന് സ്വന്തമാക്കിയത്.
2019-ലായിരുന്നു വിനേഷിൻ്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേട്ടം. 50 കിലോ ഗ്രാം ഗുസ്തിയില്‍ 2018ലെ ഏഷ്യന്‍ ഗെയിംസിലും 2014, 2018, 2022 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയിട്ടുള്ള വിനേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരവും അര്‍ജ്ജുന പുരസ്കാരവും നല്കി 2020ല്‍ രാജ്യം ആദരിച്ചിരുന്നു.