ന്യൂഡൽഹി: ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലിയും ജയ് ഷായും തുടരും. ബിസിസിഐ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്ക് തുടർച്ചയായി പദവികളിൽ ഇരിക്കാൻ അനുവാദം നൽകുന്ന ഭേദഗതിക്ക് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
തുടർച്ചയായി 3 തവണ ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാൻ കഴിയില്ലെന്ന ചട്ടത്തിൽ ഇളവ് വേണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ക്രിക്കറ്റ് ബോർഡിലെ സംസ്ഥാന ഭാരവാഹിത്വവും ബിസിസിഐ പദവിയും കൂടി കണക്കിലെടുക്കുമ്പോൾ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും 9 വർഷം കാലാവധി പൂർത്തിയായി. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി ആവശ്യവുമായി സംഘടന കോടതിയെ സമീപിച്ചത്. നിലവിലെ ഭരണഘടന പ്രകാരം ബി.സി.സി.ഐയിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലും തുടർച്ചയായി രണ്ട് തവണ ഭാരവാഹികളായവർ അടുത്ത മൂന്ന് വർഷത്തേക്ക് പദവികൾ വഹിക്കാൻ പാടില്ല എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്കാണ് പുതിയ ദേദഗതിയിലൂടെ മാറ്റം വരുന്നത്. ജസ്റ്റിസ് ആർ എം ലോധ കമ്മിറ്റി ശുപാർശ പ്രകാരമുള്ള വ്യവസ്ഥയിലാണ് മാറ്റം വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.