ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി കല്യാണ്‍ ചൗബേയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ താരം ബൈചുങ് ബൂട്ടിയെ പരാജയപ്പെടുത്തിയാണ് ചൗബേ വിജയിച്ചത്. ബംഗാളിൽ നിന്നുള്ള ബിജെപി നേതാവാണ് കല്യാൺ ചൗബേ. 33 വോട്ടുകളാണ് മുൻ ഇന്ത്യൻ ഗോൾകീപ്പർ കൂടിയായ ചൗബേ നേടിയത്. ഒരു വോട്ട് മാത്രമാണ് ബൂട്ടിയക്ക് നേടാന്‍ സാധിച്ചത്. വിജയത്തോടെ എഐഎഫ്എഫ് പ്രസിഡന്റാകുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന നേട്ടവും ചൗബേ സ്വന്തമാക്കി. മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഗോള്കീപ്പർകൂടിയായിരുന്നു ചൗബേ.
സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കെഎഫ്എ സെക്രട്ടറി പി അനില്‍കുമാര്‍ ഉള്‍പ്പടെ 14 പേര് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍താരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ എം വിജയനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുള്ള വിലക്ക് ഫിഫ നീക്കിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്. സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയായിരുന്നു ഫിഫയുടെ നീക്കം. താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു.