ഷാർജ: ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഏഷ്യ കപ്പ് സൂപ്പർ ഫോറിലേക്ക്. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനെ തകർത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി അഫ്ഗാന് മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 127-7, അഫ്ഗാനിസ്ഥാന് 18.3 ഓവറില്‍ 131-3. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര് റഹ്മാനും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. 48 റണ്‍സ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മോശം തുടക്കമായിരുന്നു ബംഗ്ലദേശിന്. 6.2 ഓവറില്‍ തന്നെ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് 10.3 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി. മുന്‍നിരയില്‍ പുറത്തായ അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മുഹമ്മദ് നെയിം (6), അനാമുല്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന് (11), മുഷ്ഫിഖുര്‍ റഹീം (1), അഫീഫ് ഹുസൈന് (12) എന്നിവരാണ് പുറത്തായ താരങ്ങള്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനുവേണ്ടി 17 പന്തില്‍ 43 റൺസുമായി നജീബുള്ള സര്ദ്രായും 41 പന്തില്‍ 42 റണ്‍സുമായി ഇബ്രാഹിം സര്ദ്രാന് എന്നിവർ തിളങ്ങി. നജീബുള്ള സര്ദ്രായാണ് ടോപ് സ്കോറർ. ജയത്തോടെ ഏഷ്യ കപ്പിൽ അഫ്ഗാൻ തുടർച്ചയായ രണ്ടാം വിജയം കുറിച്ചു. ആദ്യ കളിയിൽ ശ്രീലങ്കയെ അഫ്ഗാൻ പരാചയപെടുത്തിയിരുന്നു.