ദുബായ്: ഏഷ്യ കപ്പിലെ ആദ്യ കളിയിൽ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. എട്ടു വിക്കറ്റിനാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്ക ഉയർത്തിയ 106 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ വെറും 105 റണ്‍സിന് ഓള് ഔട്ടായി. 38 റണ്‍സെടുത്ത ഭനുക രജപക്സ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 31 റണ്‍സ് നേടിയ ചമിക കരുണരത്നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര് റഹ്മാന് നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് പവര്‍ പ്ലേയില്‍ തന്നെ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് നീങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു.
ഇന്ന് രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 ക്ക് ദുബായിലാണ് മത്സരം.