മൂന്ന് തവണ ചാമ്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിൽ കളിക്കില്ല. കൊവിഡ് വാക്സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് താരത്തിന് യാത്രാ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പിൻമാറാനുള്ള തീരുമാനം. ഈ മാസം 29-ന് ആരംഭിക്കുന്ന യു.എസ്. ഓപ്പണില്‍നിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് സർക്കാരിൻ്റെ വിദേശ പൗരൻമാർക്കുള്ള വാക്സിനേഷൻ നയത്തെ തുടർന്നാണ് ജോക്കോവിച്ചിന് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത്. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ പോരാട്ടത്തിലും കൊവിഡ് വാക്സിൻ എടുക്കാത്തതിൻ്റെ പേരിൽ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു. 2011, 2015, 2018 വർഷങ്ങളിൽ യുഎസ് ഓപ്പൺ ചാംപ്യനായ ജോക്കോ ആറുവട്ടം റണ്ണറപ്പുമായി.
‘ഖേദകരമെന്നു പറയട്ടെ, യുഎസ് ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും അറിയിച്ചുള്ള സന്ദേശങ്ങൾക്ക് നന്ദി. സഹ താരങ്ങൾക്ക് ആശംസകൾ. ഞാൻ പോസിറ്റീവ് സ്പിരിറ്റിൽ തുടരും. അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഉടൻ തന്നെ കാണാം ടെന്നീസ് ലോകമേ’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.