ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ക്കാണ് മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയ സംപ്രേഷണമുണ്ട്. ദുബായിലും ഷാർജയിലുമായി നടക്കുന്ന മത്സരങ്ങളിൽ ആറു രാജ്യങ്ങളാണ് പങ്കെടുക്കുക. ആറു ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ് ടീമുകളാണുള്ളത്. ബി ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് മുന്നേറും. പരസ്പരമുള്ള പോരിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനൽ കളിക്കും. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി.
രണ്ടുവർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ഏഷ്യാകപ്പ് കോവിഡ് കാരണം മുടങ്ങിയതാണ്. 2018ലാണ് ഒടുവിൽ നടന്നത്. ഏകദിന ടൂർണമെന്റായി നടന്നിരുന്ന ഏഷ്യാകപ്പ് 2016ൽ ട്വന്റി20യായിരുന്നു. ലോകകപ്പിൻ്റെ വരവ് പ്രമാണിച്ച് ഇക്കുറിയും ട്വന്റി20യാണ്. 2016ലും 2018ലും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഇന്ത്യ 12 തവണ ടൂർണമെന്റിൽ പങ്കെടുത്തതിൽ ഏഴുതവണ ജേതാക്കളായി. മൂന്നുതവണ റണ്ണറപ്പ്. ശ്രീലങ്ക 13 തവണ അണിനിരന്നതിൽ അഞ്ചു കിരീടവും ആറ് രണ്ടാംസ്ഥാനവും. പാകിസ്ഥാൻ രണ്ടുതവണയാണ് കിരീടം നേടിയത്. രോഹിത് ശർമയ്ക്ക് കീഴിൽ മികച്ച നിരയുമായാണ് ഇന്ത്യ കിരീടം നിലനിർത്താൻ എത്തുന്നത്. പരിക്കേറ്റ പേസറായ ജസ്പ്രീത് ബുമ്ര ഇല്ലാത്തത് മാത്രമാണ് ക്ഷീണം. ഹർഷൽ പട്ടേലും പുറത്താണ്. സെപ്തംബർ പതിനൊന്നിനാണ് ഫൈനൽ.