ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 13 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത സിംബാബ്വെ 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. സിംബാബ്വെയ്ക്കായി സിക്കന്ദർ റാസ 95 പന്തുകളിൽ 115 റൺസ് എടുത്തെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. സീൻ വില്ല്യംസ് 45 റൺസെടുത്തു.
പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 289 റൺസെടുത്തത്. കന്നി ഏകദിന സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 97 പന്തുകൾ നേരിട്ട് 130 റൺസെടുത്ത ഗില്ലിനൊപ്പം ഇഷാൻ കിഷനും (50) തിളങ്ങി. സിംബാബ്വെയ്ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റ് നേടി. ഗില്ലാണ് കളിയിലെയും പരമ്പരയുടേയും താരം മൂന്ന് കളിയിൽ നിന്ന് നേടിയത് 245 റൺ.