ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യാ കപ്പിനായി ഇന്ത്യൻ സംഘം യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. ഏഷ്യ കപ്പിൽ ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതോടെ രാഹുൽ ഏഷ്യാ കപ്പിൽ ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടാവില്ല. പകരം ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീം പരിശീലകനായ മുൻ താരം വിവിഎസ് ലക്ഷ്മൺ യുഎഇയിലേക്ക് തിരിക്കും. സിംബാബ്വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര സംഘത്തെ പരിശീലിപ്പിച്ചത്. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.
രോഹിത് ശർമ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ എഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിൻ്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോർമാറ്റിലാണ് ഈ വർഷം ഏഷ്യാകപ്പ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണു മത്സരങ്ങൾ. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റിനു വലിയ പ്രാധാന്യമുണ്ട്.