ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചു. വിലക്ക് നീങ്ങുന്നതുവരെ ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിലും ഇന്ത്യയുടെ പുരുഷ – വനിതാ ടീമുകൾക്ക് പങ്കെടുക്കാനാകില്ല. ഇതോടെ ഇന്ത്യയ്ക്ക് അണ്ടർ–17 വനിത ലോകകപ്പ് നഷ്ടമാകും. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം.
എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി. എ.ഐ.എഫ്.എഫിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി ഫിഫ വ്യക്തമാക്കി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ എ.ഐ.എഫ്.എഫിന്റെ തലവനായി തുടരുന്നത് ഫിഫയുടെ ചട്ടലംഘനമാണ്. സുപ്രീംകോടതിയുടെ ഇടപെടലുണ്ടായിട്ടും സ്ഥാനമൊഴിയാൻ പ്രഫുൽ പട്ടേൽ തയ്യാറായില്ല. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഇന്ത്യൻ ഫുട്ബോളിന്റെ നിയന്ത്രണം എ.ഐ.എഫ്.എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരും.
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂർണരൂപം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്ബോൾ ഭരണസമിതി, ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ–17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണു സുപ്രീം കോടതിയുടെ വിധി.