പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം, ആശയങ്ങൾ പങ്കു വെക്കാം ഇതായിരുന്നു പ്രഖ്യാപനം. കേരളം ആട്ടിപ്പുറത്താക്കുന്ന ബിജെപിയുടെ അറ്റ കൈ പ്രയോഗമായാണ് നരേന്ദ്ര മോദിയെ കൊച്ചിയിലേക്ക് എഴുന്നള്ളിച്ചത്. റോഡ് ഷോ, അതു കഴിഞ്ഞ് യുവതയുമായി സംവാദം ഇതാണ് കേരള ബിജെപിയുടെ ദുർബല നേതൃത്വം പറഞ്ഞിരുന്നത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് യുണിഫോമിൽ വിദ്യാർഥികളെ ഇറക്കി. സംസ്ഥാനത്തിനകത്തു നിന്ന് ആളെ കൊണ്ടുവന്നതു പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുവാക്കളെ ഇറക്കുമതി ചെയ്തു. എന്നാൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം മാത്രമായി യുവം പൊട്ടിപ്പൊളിഞ്ഞു. സംഘപരിവാറുകാർ ഇറക്കിയ “യുവത ” ചോദ്യങ്ങൾ മടിയിൽ തിരുകി സ്ഥലം കാലിയാക്കി. സംവാദകർ അങ്ങനെ കേൾവിക്കാരും കൈയടിക്കാരും മാത്രമായി മാറി. നരേന്ദ്ര മോദിയാകട്ടെ പ്രധാനമന്ത്രി പദവി മറന്ന് രാഷ്ട്രീയ പ്രാസംഗികനായി. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ തലകുത്തിമറിഞ്ഞ് അന്വേഷിച്ച് മുട്ടുകുത്തിയ സ്വർണകള്ളക്കടത്ത് ആരോപണവും ഉന്നയിച്ച് പരിഹാസ്യനായി. മണിക്കൂറുകൾ വെയിലത്ത് കാത്തിരുന്ന വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ പൊതുയോഗ പ്രസംഗം കേട്ട് വാ പൊളിച്ചു.
‘യുവം’ ‘വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള യുവം 2023’ എന്നാണ് കൊട്ടി ഘോഷിച്ച ഈ മോഡി ഷോയ്ക്ക് ബിജെപി പേരിട്ടത്. രാഷ്ട്രീയ വേദിയല്ലെന്നു പറഞ്ഞ് കബളിപ്പിച്ച് പ്രൊഫഷണൽ കോളേജുകളിൽ നിന്നടക്കം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് വിദ്യാർഥികളെ തേവര എസ്എച്ച് കോളേജ് വേദിയിൽ എത്തിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വെറും രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ് കൊച്ചിയിൽ അരങ്ങേറിയത്. തൻ്റെ സർക്കാർ ഭയങ്കര സംഭവമാണെന്നു സ്വയം പുകഴ്ത്തിയ മോദി തുടർന്ന് കേരള സർക്കാരിനെതിരെ തിരിഞ്ഞു. നിയമന നിരോധനം നടപ്പാക്കിയും പൊതുമേഖല വിറ്റഴിച്ചും തൊഴിലവസരം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കുന്നു എന്നാണ് മോദി അവകാശപ്പെട്ടത്. കൊച്ചി വാട്ടർമെട്രോയുടെ ഖ്യാതി സ്വന്തമാക്കാനും ശ്രമിച്ചു. പ്രസംഗം അവസാനിപ്പിച്ച ഉടൻ മോദി വേദിവിട്ടതോടെ സംവാദത്തിനെത്തിയവർ നിരാശരായി മടങ്ങി. ആർഎസ്എസും ബിജെപിയും നിയന്ത്രിക്കുന്ന വിദ്യാലയങ്ങളിൽനിന്നാണ് കൂടുതൽ വിദ്യാർഥികളെയുമെത്തിച്ചത്. അമൃത അടക്കമുള്ള ഏതാനും പ്രൊഫഷണൽ കോളേജുകളിൽനിന്നും വിദ്യാർഥികളെ കൊണ്ടു വന്നു. ദേശീയതലത്തിൽ പ്രമുഖരായ യുവനിര അണിനിരക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അപർണ ബാലമുരളി എന്നിവർ മാത്രമാണ് പങ്കെടുത്തത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും അനിൽ ആന്റണിയും പങ്കെടുത്തു.
യഥാർഥ രാഷ്ട്രീയലാക്ക് വെളിപ്പെടുത്തി മോദി രാഷ്ട്രീയത്തിന് അതീതമായി യുവാക്കളെ ഒന്നിപ്പിക്കാനെന്ന പേരിൽ സംഘടിപ്പിച്ച യുവം കോൺക്ലേവിൽ ബിജെപിയുടെ യഥാർഥ രാഷ്ട്രീയലാക്ക് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് മുന്നണികൾ തമ്മിലടിച്ച് കേരളത്തിൻ്റെ വികസനം തകർക്കുകയാണെന്നുപറഞ്ഞ പ്രധാനമന്ത്രി ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ബിജെപിക്കുണ്ടാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയെന്ന് കൊട്ടിഘോഷിച്ച് ചില സിനിമാതാരങ്ങളെയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളെയും വേദിയിലും സദസ്സിലും ക്ഷണിച്ചിരുത്തിയായിരുന്നു സംസ്ഥാന സർക്കാരിനെയും രാഷ്ട്രീയ എതിരാളികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മതത്തിൻ്റെ അതിർവരമ്പുകൾക്കതീതമായി ബിജെപിക്ക് പിന്തുണ ലഭിച്ചതായി അവകാശപ്പെട്ട മോദി അത്തരത്തിൽ കേരളത്തിൽനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. കേന്ദ്രപദ്ധതികൾ പ്രയോജനപ്പെടുത്തി യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന അപക്വമായ പരാമർശവും ഉണ്ടായി.