തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഗികളാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.