തിരുവനന്തപുരം : സിപിഎം നേതാവ് ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂർവമാണ്.
കീഴാറൂർ സ്വദേശികളായ ബിഎംഎസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത് വീട്ടിൽ ഗിരീഷ് എന്ന അനിക്കുട്ടൻ (48) എന്നിവരെയാണ് ശിക്ഷിച്ചത്.
2013 നവംബർ അഞ്ചിന് രാത്രി പത്തോടെയാണ് എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ നാരായണൻ നായർ കൊല്ലപ്പെട്ടത്. 11 പ്രതികളുള്ള കേസിൽ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
ആനാവൂർ നാരായൺ നായർ കൊലപാതകം; ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി