സംസ്ഥാന സര്‍ക്കാരിന് നേരെ കടുത്ത പ്രകോപനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയിലുള്ള ‘പ്രീതി’ നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അമിതാധികാര പ്രയോഗം. ഒക്ടോബര്‍ 18ന് കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രസംഗം ഗവര്‍ണര്‍ പദവിയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതാണെന്നും പ്രാദേശികവാദം ആളിക്കത്തിക്കുന്നതാണെന്നും വാദിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അധിക്ഷേപിക്കുന്നതല്ലെന്നും ധനമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
ഇന്നലെ വൈകീട്ടാണ് ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ കത്തയച്ചത്. ഇന്ന് രാവിലെ ഗവര്‍ണറുടെ ആവശ്യം തള്ളിക്കൊണ്ട് മുഖ്യമന്ത്രി മറുപടിയും നല്‍കി.
നേരത്തെ തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാര്‍ക്കുള്ള പ്രീതി പിന്‍വലിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു . ഇതിന് പിന്നാലെയാണ് ഭരണഘടനാ വിരുദ്ധമായ രാജ് ഭവൻ്റെ പുതിയ നീക്കം.