വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര – ഭാഗം രണ്ട്
അടിയന്തരാവസ്ഥയ്ക്കു പിന്നാലെ, ബിജെപിയുടെ സൃഷ്ടിയ്ക്കു ശേഷവും ആർഎസ്എസ് പല തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. പക്ഷേ, കൊടുത്തതിനൊക്കെ അവർക്ക് കണക്കുണ്ടായിരുന്നു. നേതാക്കളെയും അണികളെയും വോട്ടുബാങ്കിൻ്റെ സിംഹഭാഗത്തെയും പിൽക്കാലത്ത് കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കുമ്പോൾ, കണക്കു പറഞ്ഞ് പലിശ സഹിതം പഴയ പിന്തുണയ്ക്കുള്ള പ്രതിഫലം ഈടാക്കുകയായിരുന്നു ആർഎസ്എസ്.
അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഇന്ദിരാഗാന്ധി ഇന്ത്യയ്ക്ക് മൗലികാവകാശങ്ങൾ നിഷേധിച്ചു. പത്രങ്ങൾക്ക് സെൻസറിംഗ് ഏർപ്പെടുത്തി. പ്രതിഷേധിച്ചവരെ വിചാരണ കൂടാതെ ജയിലിലടച്ചു. കോടതികളെ വരുതിയ്ക്കു കീഴിലാക്കി. എന്തിനേറെ പറയുന്നു, അടിയന്തരവാസ്ഥ പ്രഖ്യാപിച്ച് അഞ്ചാം ദിവസം ആർഎസ്എസ് മേധാവി ബാബാ സാഹിബ് ദേവറസ് ജയിലിലുമായി. ആർഎസ്എസിനെ നിരോധിക്കുകയും ചെയ്തു. എന്നിട്ട് ആർഎസ്എസ് അടിയന്തരാവസ്ഥയെ എതിർത്തോ? ഇല്ലേയില്ല.
നിർലജ്ജമായ മുഖസ്തുതികളും ദയനീയമായ മാപ്പപേക്ഷകളും കൊണ്ട് ഇന്ദിരാഗാന്ധിയെയും സംഘത്തെയും ആർഎസ്എസ് മേധാവി പൊറുതി മുട്ടിച്ചു. ആർഎസ്എസിനെ നിരോധിച്ച നടപടി പിൻവലിക്കണമെന്ന് ഞാൻ താങ്കളോട് കെഞ്ചുകയാണ് എന്ന് ഒരുളുപ്പുമില്ലാതെ ജയിലിൽ കിടന്ന് ബാബാ സാഹിബ് ദേവരസ് ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതി (I beseech you to rescind the ban imposed upon the RSS – 1975 ആഗസ്റ്റ് 22).
ഇന്ദിരാഗാന്ധിയ്ക്കു മാത്രമല്ല. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എസ് ബി ചവാനും നിരന്തരമായി ആർഎസ്എസ് മേധാവി മാപ്പപേക്ഷയുടെ ധ്വനിയുള്ള കത്തുകളെഴുതി. ആർഎസ്എസിൻ്റെ നിരോധനം നീക്കിയാൽ സർക്കാരിന് പൂർണപിന്തുണയും സഹകരണവും ഈ കത്തുകളിൽ വാഗ്ദാനം ചെയ്തു. ഈ കത്തുകളെല്ലാം 1977 ഒക്ടോബർ 18ന് ചവാൻ, മഹാരാഷ്ട്ര നിയമസഭയുടെ മേശപ്പുറത്തു വെച്ചു.
ആർഎസ്എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ വിനോബാഭാവെയുടെ സഹായവും ബാബാ സാഹേബ് ദേവറസ് തേടി. 1976 ജനുവരി 12ന് വിനോബാഭാവെയ്ക്ക് അയച്ച കത്തിൽ ദേവറസ് ഇങ്ങനെ പറഞ്ഞു:
“സംഘത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ നീക്കാൻ ശ്രമിക്കണമെന്ന എൻ്റെ പ്രാർത്ഥനയാണിത്. ആർഎസ്എസ് വോളണ്ടിയർമാരെ സ്വതന്ത്രരാക്കുകയും സംഘത്തിനു മേലുള്ള നിരോധനം നീക്കുകയും ചെയ്താൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യപുരോഗതിയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി ആസൂത്രണം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിലും ആർഎസ്എസ് വളണ്ടിയർമാർ പങ്കെടുക്കും”.
ആർഎസ്എസിൻ്റെ നിരോധനം നീക്കിയില്ലെങ്കിലും മാപ്പപേക്ഷ നൽകുന്ന ആർഎസ്എസുകാരെ നിരുപാധികം വിട്ടയയ്ക്കാൻ സർക്കാർ തയ്യാറായി. ആർഎസ്എസുകാർക്ക് ഒപ്പിടാനുള്ള മാപ്പപേക്ഷ സർക്കാർ തന്നെ തയ്യാറാക്കിക്കൊടുത്തു.
പക്ഷേ, ആർഎസ്എസ് നേതാക്കളുടെ ഒരു കത്തിനോടും ഇന്ദിരാഗാന്ധി പ്രതികരിച്ചില്ല. നേരിൽ കാണണമെന്ന ആവശ്യം അംഗീകരിച്ചുമില്ല. നേതാക്കളെ ജയിലിൽ നിന്ന് മോചിപ്പിക്കാനും തയ്യാറായില്ല. എന്നാൽ തങ്ങളുടെ ആവശ്യം നിഷ്കരുണം നിരസിച്ചതിൻ്റെ പേരിൽ ഇന്ദിരാഗാന്ധിയോടോ കോൺഗ്രസിനോടോ ആർഎസ്എസിന് ഒരു നീരസവും ഉണ്ടായിരുന്നില്ല. ആർക്കും ദയ തോന്നുന്ന ഭാഷയിൽ മുട്ടിൽ നിന്നാണ് അവർ ഇന്ദിരാഗാന്ധിയോട് യാചന നടത്തിയത്. അത് കണ്ടില്ലെന്നു നടിക്കുകയും തള്ളിക്കളയുകയും ചെയ്ത ഭരണാധികാരിയോട് ആർക്കും സ്വാഭാവികമായ ദേഷ്യവും ഈർഷ്യയുമുണ്ടാകും. എന്നാൽ ഇതൊന്നും ഇന്ദിരാഗാന്ധിയോട് ആർഎസ്എസിന് ഉണ്ടായതേയില്ല.
അടിയന്തരാവസ്ഥയ്ക്കു ശേഷവും ഇന്ദിരയെയും കോൺഗ്രസിനെയും പിന്തുണയ്ക്കാനായിരുന്നു ആർഎസ്എസിൻ്റെ തീരുമാനം. ബിജെപിയുടെ രൂപീകരണത്തിനു ശേഷവും ഈ പിന്തുണ തുടർന്നു. 1983ലെ ദൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഉദാഹരണം. തൊട്ടു മുന്നേ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ആർഎസ്എസുകാരെ അത്തവണ മത്സരിക്കാൻ സംഘം അനുവദിച്ചില്ല. ബിജെപിയെ തഴഞ്ഞ് കോൺഗ്രസിനെ പിന്തുണയ്ക്കാൻ അത്രയ്ക്ക് കർക്കശമായ നിർദ്ദേശമാണ് അണികൾക്കും പ്രവർത്തകർക്കും ആർഎസ്എസ് നേതൃത്വം നൽകിയത്. ഫലം, മുഴുവൻ സീറ്റിലും കോൺഗ്രസ് ജയിച്ചു. മെട്രോപൊളിറ്റൻ കൗൺസിലിലും മുൻസിപ്പൽ കോർപറേഷനിലും നേടിയ ആധിപത്യം ബിജെപിയ്ക്ക് നഷ്ടമായി. ആർഎസ്എസിൻ്റെ ചതിയിൽ പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റായിരുന്ന വാജ്പേയ് രാജിവെക്കാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
എട്ടുമാസങ്ങൾക്കു ശേഷമായിരുന്നു ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്. അവിടെയും ആർഎസ്എസ് പിന്തുണ ബിജെപിയ്ക്കായിരുന്നില്ല. തൊട്ടു മുന്നേ നടന്ന തിരഞ്ഞെടുപ്പിൽ ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ പന്ത്രണ്ട് സീറ്റ് ബിജെപി നേടിയിരുന്നു. എന്നാൽ ആർഎസ്എസ് പിന്തുണ കോൺഗ്രസിനു നൽകിയതോടെ, ഈ സീറ്റെല്ലാം ബിജെപിയ്ക്ക് നഷ്ടമായി. ഹിന്ദു ഭൂരിപക്ഷ മേഖല കോൺഗ്രസിനൊപ്പവും മുസ്ലിം ഭൂരിപക്ഷ മേഖല ഫറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിനും ഒപ്പം നിന്നു. ഒരു സീറ്റിൽപ്പോലും ബിജെപിയ്ക്ക് ജയിക്കാനായില്ല.
ഇതിനിടെ വിഎച്ച്പി വഴി ഇന്ദിരാഗാന്ധിയും ആർഎസ്എസ് അജണ്ടയ്ക്കു വഴിപ്പെട്ടു. ഹിന്ദുക്കളെ ഏകീകരിക്കുന്നതിന് 1983ൽ വിഎച്ച്പി സംഘടിപ്പിച്ച ഏകാത്മാതാ യാത്രയിലേയ്ക്കുള്ള ക്ഷണം ഇന്ദിരാഗാന്ധി സ്വീകരിച്ചു. ഹിന്ദു സംസ്ക്കാരവും കോൺഗ്രസിൻ്റെ സംസ്കാരവും ഒന്നു തന്നെയാണെന്ന് സി എം സ്റ്റീഫനെപ്പോലെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചു. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് ഭൂരിപക്ഷ സമുദായത്തിന് ഇന്ദിരാഗാന്ധി ഇങ്ങനെ വാഗ്ദാനം നൽകി: അവർക്കെതിരെ അനീതി ചെയ്യുകയോ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്യുന്നത് രാഷ്ട്രത്തിൻ്റെ അഖണ്ഡതയെ അപകടകരമായി ബാധിക്കും”.
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് അരങ്ങേറിയ സിഖ് വംശഹത്യയ്ക്ക് ന്യായീകരണം ചമച്ചത് ആർഎസ്എസ് നേതാവായിരുന്ന നാനാജി ദേശ്മുഖാണ്. ഇന്ദിരാഗാന്ധിയെ വധിച്ച സിഖ് അംഗരക്ഷകർ അവരുടെ സമുദായത്തിൻ്റെ തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന നീചമായ വാദമുന്നയിച്ചാണ് ഭീകരമായ ഈ കൂട്ടക്കൊലയെ ദേശ്മുഖ് ന്യായീകരിച്ചത്. 1984 നവംബർ 8ന് പ്രസിദ്ധീകരിച്ച രേഖയിലായിരുന്നു സിഖ് വംശഹത്യയ്ക്കുള്ള ന്യായീകരണം ലോക്സഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം മുമ്പ് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ ഇന്ദിരാഗാന്ധിയുടെ ബ്ലൂസ്റ്റാർ ഓപ്പറേഷനെ പൂർണമായും ന്യായീകരിച്ച ഈ രേഖയിൽ, രാജീവ് ഗാന്ധിയെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ ആർഎസ്എസുകാർക്കുള്ള ആഹ്വാനവുമുണ്ടായിരുന്നു.
മൃഗീയ ഭൂരിപക്ഷത്തിൽ അധികാരമേറ്റ രാജീവ് ഗാന്ധി ആർഎസ്എസ് സർസംഘചാലകുമായി കൂടിക്കാഴ്ച നടത്തുകയും നല്ല ബന്ധം തുടരുകയും ചെയ്തുവെന്ന് അക്കാലത്തു തന്നെ ആരോപണമുയർന്നിരുന്നു. അയോധ്യയും രാമജന്മഭൂമി പ്രശ്നവും തന്നെയായിരുന്നു അജണ്ട. തീവ്രഹിന്ദുവികാരം ആളിക്കത്തിച്ച് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള തന്ത്രത്തിന് ആർഎസ്എസ് സർസംഘചാലക് ബാബാ സാഹിബ് ദേവരസുമായി രാജീവ് ഗാന്ധി ഉടമ്പടിയുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവും നാഗ്പൂരിൽ നിന്നുള്ള എംപിയുമായിരുന്ന ബെൻവാരിലാൽ പുരോഹിത് സ്ഥീരീകരിച്ചത് 2007ൽ. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് താനാണ് എന്നായിരുന്നു പുരോഹിതിൻ്റെ അവകാശവാദം.
അയോധ്യയിൽ ശിലാന്യാസത്തിനും രാമജന്മഭൂമിയിൽ അമ്പല നിർമ്മാണത്തിനും അനുമതി നൽകിയാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസിൻ്റെ പിന്തുണ ഉറപ്പാക്കുമെന്നായിരുന്നുവത്രേ രഹസ്യ ഉടമ്പടി. ദേവറസും രാജീവ് ഗാന്ധിയുടെ രഹസ്യദൂതൻ ഭാനുപ്രകാശ് സിംഗുമായി നടത്തിയ ഒരു മണിക്കൂർ ചർച്ചയിൽ ഉടമ്പടി തീരുമാനമായെന്നും തുടർന്ന് ആഭ്യന്തര മന്ത്രി ഭൂട്ടാസിംഗുമായി ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ ഡീലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്നും 2007 ഏപ്രിൽ 26ന് പുരോഹിത് വെളിപ്പെടുത്തി. ബൂട്ടാസിംഗും കോൺഗ്രസ് വക്താക്കളും ആരോപണം നിഷേധിച്ചു. പക്ഷേ, ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ബാബറി മസ്ജിദിൻ്റെ കവാടം 1986 ഫെബ്രുവരിയിൽ ആർഎസ്എസിനു തുറന്നു നൽകിയത് രാജീവ് ഗാന്ധിയുടെ കാലത്ത്.
രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഈ കൃത്യം നിർവഹിച്ചത് അന്നത്തെ യുപി മുഖ്യമന്ത്രി എൻ ഡി തിവാരി. അദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നതിൽ അത്ഭുതമെന്തിരിക്കുന്നു? തർക്ക സ്ഥലത്തു തന്നെ 1989 നവമ്പറിൽ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നൽകിയതും രാജീവ് ഗാന്ധി. അന്ന്, രാജീവ് ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചതും അയോധ്യയിൽ നിന്ന്. രാജീവ്ഗാന്ധി കൊല്ലപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ബാബറി മസ്ജിദും തകർത്തു. 1949 ഡിസംബർ 22ന് യുപിയിലെ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നടത്തിയ കരുനീക്കം 1992 ഡിസംബർ 6ന് നരസിംഹ റാവുവിൻ്റെ കാലത്ത് വിജയിച്ചു. കൂട്ടത്തിൽ പറയട്ടെ, 1994ൽ പ്രൊഫസർ രാജേന്ദ്ര സിംഗ് (രാജു ഭയ്യ) ആർഎസ്എസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കോൺഗ്രസിൻ്റെ അകത്തളങ്ങളിൽ ഇങ്ങനെയൊരു തമാശ പൊട്ടി വിടർന്നത്രേ. ഓ…. റാവുവിൻ്റെ ചാൻസ് വീണ്ടും പോയി (Arrey Rao sahib phir rah gaye)
അയോധ്യ കേന്ദ്രീകരിച്ചു നടന്ന തീവ്രഹിന്ദുത്വ അഭ്യാസങ്ങൾക്ക് പ്രധാനമന്ത്രിക്കസേരയിലിരുന്ന് പരസ്യപിന്തുണ നൽകിയ ആദ്യത്തെ നേതാവാണ് രാജീവ് ഗാന്ധി. ഗോവിന്ദ വല്ലഭ പന്തിൻ്റെയും രാജീവ് ഗാന്ധിയുടെയുമൊക്കെ പടുകൂറ്റൻ പ്രതിമ നിർമ്മിച്ച് ബിജെപിയുടെ പ്രത്യുപകാരം ചെയ്യുന്നത് അധികം വൈകാതെ കാണാനുള്ള യോഗവും ഈ രാജ്യത്തിനുണ്ടാകും.
യഥാർത്ഥത്തിൽ കോൺഗ്രസ് ലാളിച്ചു പ്രചരിപ്പിച്ച ആശയമാണ്, ബാബറി മസ്ജിദിൻ്റെ തകർച്ച. കോൺഗ്രസിൻ്റെ രാഷ്ട്രീയശരീരത്തിൽ തുരന്നു കയറി ആർഎസ്എസ് അത് സാധ്യമാക്കുകയായിരുന്നു. ലക്ഷ്യം നേടിയതോടെ ആർഎസ്എസ് തനിനിറം കാണിച്ചു. കോൺഗ്രസിനെ ഉപേക്ഷിച്ച് തങ്ങളുടെ മാനസസന്തതിയായ ബിജെപിയെ അവരോധിച്ചു. ഹിന്ദു വോട്ടു ബാങ്കും ഹിന്ദു കോർപറേറ്റുകളും ഒരേ സമയം കോൺഗ്രസിനെ കൈയൊഴിഞ്ഞു. യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി നിർഭാഗ്യവാനായ കുടുംബാംഗമാണ്. മുത്തശിയ്ക്കും പിതാവിനും ആവോളം ലഭിച്ചിരുന്ന ആർഎസ്എസ് പിന്തുണ സമ്പൂർണമായി നഷ്ടപ്പെട്ട കോൺഗ്രസിനെയാണ് അദ്ദേഹത്തിന് പെരുമാറാൻ കിട്ടിയത്.
ചരിത്രപരവും പാരമ്പര്യവുമായി കൈമാറിക്കിട്ടിയ അങ്കമുറകളേ അദ്ദേഹത്തിനും പയറ്റാനാവൂ. ആർഎസ്എസ് പിന്തുണയുള്ള ബിജെപിയെക്കാൾ തീവ്രമായി ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹവും അദ്ദേഹത്തിൻ്റെ ഉപജാപക സംഘവും പ്രതിഛായാ നിർമ്മാതാക്കളും ആലോചിക്കുക സ്വാഭാവികം. അധികാരം തിരിച്ചുപിടിക്കാൻ ഗോവിന്ദ വല്ലഭ പന്തിൻ്റെ കാലത്തേതിനേക്കാൾ തീവ്രമായി എങ്ങനെ ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യാം എന്നാണ് രാഹുൽ ടീം ആലോചിക്കുന്നത്. അതിൻ്റെ അപകടങ്ങളെയോ അതിൽ നിന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളെയോ കുറിച്ചാലോചിക്കാൻ മാത്രമുള്ള രാഷ്ട്രീയ വകതിരിവൊന്നും നിർഭാഗ്യവശാൽ അദ്ദേഹത്തിൻ്റെ പക്കലില്ല താനും.
ഭാഗം ഒന്ന് – വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര