കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ സാധിക്കണമെന്ന് സംസ്ഥാന ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകരും. കോണ്‍ഗ്രസില്‍ നിന്ന് പല പ്രമുഖരും പുറത്തുവരും. ഇതിൻ്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും. പുതിയ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ സാധിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന് മോദി നിര്‍ദേശം നല്‍കിയത്.
കൊച്ചി താജ് മലബാറില്‍ വ്യാഴാഴ്ച രാത്രി നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമാക്കി കരുനീക്കങ്ങള്‍ നടത്തണമെന്ന മോദിയുടെ നിര്‍ദേശം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ പല പ്രമുഖരെയും ബിജെപിയിലെത്തിക്കാന്‍ സാധിച്ചു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ പാര്‍ട്ടി പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മോദി ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉറപ്പാക്കണം. ഹൈദരാബാദിലെ ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വേഗം നടപ്പിലാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തിൻ്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ് എന്നിവരടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു കേരളാ ബിജെപിക്കുള്ള മോദിയുടെ ഉപദേശം.