ആർഎസ്എസും ബിജെപിയും കേരളത്തിൻ്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആർഎസ്എസ് ക്രിമിനലുകളാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിനുനേരെയാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയാൽ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്ന് ഇ പി ജയരാജൻ പറഞ്ഞു.
ഇന്നലെ ഡിവൈഎഫ്ഐ നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ഗായത്രി ബാബുവിനെ ബിജെപി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയും ബിജെപി – ആർഎസ്എസ് സംഘം അക്രമം നടത്തി. ഇതിൽ പ്രതികരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
തിരുവനന്തപുരം നഗരസഭയെ ശരിയായ നിലയിൽ പ്രവർത്തിക്കാൻ ബിജെപി അനുവദിക്കാറില്ല. കൗൺസിൽ യോഗത്തിൽ അടിപിടി നടത്തുകയാണ്. തിരുവനന്തപുരത്തെ എല്ലാ വികസനങ്ങളും തകർക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങളോട് വിശദീകരിക്കാൻ സംഘടിപ്പിച്ച എൽഡിഎഫ് ജാഥയാണ് വഞ്ചിയൂരിൽ ആർഎസ്എസുകാർ ആസൂത്രിതമായി ആക്രമിച്ചത്. എൽഡിഎഫിന്റെ സ്വീകരണ യോഗത്തിൽ സംഘടിതമായി എത്തുകയായിരുന്നു. ബിജെപിക്ക് നിവേദനം കൊടുക്കാനുണ്ടെങ്കിൽ കൗൺസിൽ ഓഫീസിൽ പോയി കൊടുക്കണം. തിരിച്ചടി ഉണ്ടാക്കി കലാപമുണ്ടാക്കാനായിരുന്നു ആർഎസ്എസ് ശ്രമം. അതിനാണ് ആസൂത്രിതമായി നീക്കം നടത്തിയത്. അവരുടെ നീക്കങ്ങൾക്കെതിരായി ജനങ്ങൾ അണിനിരന്നു എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
ബിജെപിയുടെ യോഗത്തിൽ ആളുകൾ കയറിയാൽ ഇങ്ങനെയായിരിക്കുമോ പ്രതികരണം?. തിരുവനന്തപുരത്തെ ജനത അക്രമങ്ങളെ ഇഷ്ടപ്പെടുന്നവരല്ല. അവിടെയാണ് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ബിജെപി അക്രമം നടത്തുന്നത്. തുടർച്ചയായി സിപിഐ(എം) ഓഫീസുകൾക്കെതിരെ അക്രമങ്ങൾ നടക്കുകയാണ്. സിപിഐ(എം) ശാന്തത കൈവരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ആർഎസ്എസിന്റെ ലക്ഷ്യം കലാപമാണ്. എൽഡിഎഫിന്റെ പ്രവർത്തകർ ഒരു പ്രകോപനങ്ങളിലും അകപ്പെടരുത്. ഇന്ന് വൈകുന്നേരം ജില്ലാ കമ്മിറ്റി അക്രമം നടന്ന പ്രദേശങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.