സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസ് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അക്രമിച്ചു. തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആർഎസ്എസ് – ബിജെപി സംഘം അക്രമിച്ചത്. ആക്രമണത്തിൽ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ വാഹനം ഉൾപ്പടെ നിരവധി വാഹനങ്ങളുടെ ചില്ല് തകർന്നു. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം നടന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കുകളുടെ നമ്പറുകൾ ദൃശ്യങ്ങളിൽ വ്യക്തമല്ല. അതേസമയം ആക്രമണം ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ ഒത്താശയോടെയെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന കോർപ്പറേഷൻ്റെ ജാഥയെ ആർഎസ്എസുകാർ ആക്രമിച്ചു. പ്രസംഗിച്ചുകൊണ്ടിരുന്ന കൗൺസിലറെ കടന്നുപിടിച്ചു. ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ ഒത്താശയോടെയാണ് ഇത് സംഭവിച്ചത്. ഇതിന്റെയെല്ലാം തുടർച്ചയാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അതേസമയം സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി – ആർഎസ്എസ് സംഘം നടത്തിയ ആക്രമണത്തിനെതിരെ സിപിഐ(എം) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ലോക്കൽ കേന്ദ്രങ്ങളിലാണ് പ്രധിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. പ്രതിഷേധ കൂട്ടായ്മയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് സിപിഐ(എം) അഭ്യർത്ഥിച്ചു.