തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർ വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെയാണ് ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഗായത്രി ബാബു ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ നടന്ന എൽഡിഎഫ് ജാഥയ്ക്കിടയിലാണ് വനിതാ കൗൺസിലറെ ബിജെപി പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം നിയോജകമണ്ഡലം ജാഥയ്‌ക്ക് വഞ്ചിയൂർ വാർഡിലെ പുത്തൻ റോഡിൽ സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണവേദിയിൽ വെച്ചാണ് ഗായത്രി ബാബുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചത്. നിവേദനം നൽകാനെന്ന വ്യജേനെയാണ് അക്രമി സംഘം ജാഥയിൽ പ്രവേശിച്ചത്. അക്രമി സംഘത്തിൽ നിന്ന് വനിതാ കൗൺസിലറെ ജാഥയിലുണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകർ രക്ഷപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ വീട് അക്രമം നടന്നതിന്റെ പരിസരത്താണ്. വി വി രാജേഷിന്റെ വീട്ടിൽ ഇന്നലെ ഉച്ചമുതൽ നിരവധി ബിജെപി പ്രവർത്തകർ സംഘം ചേർന്നതായി പ്രദേശവാസികൾ പറഞ്ഞു. വി വി രാജേഷിന്റെ വീട്ടിൽ നിന്നെത്തിയവരാണ് ഗായത്രി ബാബുവിനെ ആക്രമിക്കാൻ ശ്രമിച്ചതെന്നും വിവരമുണ്ട്.
സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസും ബിജെപി – ആർഎസ്എസ് സംഘം ആക്രമിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ ജില്ലാ സെക്രട്ടറിയുടെ വാഹനം ഉൾപ്പടെ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടമുണ്ട്.