സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാല് അറസ്റ്റ് കൂടി. ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്ഥന്, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സിദ്ധാര്‍ഥ്, ആവാസ് എന്നീ പ്രതികള്‍ക്ക് എതിരെ, കൊലയാളികള്‍ക്ക് ആയുധം കൈമാറി, ഗൂഢലോചനക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജിനേഷ്, ബിജു എന്നിവര്‍ പ്രതികള്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. പ്രതി ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്. ആര് എസ് എസ് പ്രവര്‍ത്തകരായ ശബരീഷ്. അനീഷ്.നവീന്‍, ശിവരാജന്, സിദ്ധാര്ത്ഥന്, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്
ആവാസിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് രാത്രി വൈകി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കും. കേസിലെ പ്രതികളായ നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. റിമാന്‍ഡിലുളള മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും
കഴിഞ്ഞ 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊട്ടേക്കാട് കുന്നംക്കാട് വെച്ച് ആര് എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്