തുവ്വൂര്‍ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പച്ചക്കള്ളം പറയുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ രക്ഷിക്കാനാണ് സതീശന് ശ്രമിക്കുന്നത്. മാധ്യമങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുപിടിക്കുകയാണെന്ന്
സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പച്ചക്കളളം പറയുകയാണ്. ഒന്നും അറിയാത്ത മട്ടിലാണ് സതീശന് സംസാരിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രതിയെ സംരക്ഷിക്കാന്‍ നോക്കുകയാണ്. വിഷ്ണുവിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ മുന്‍ ഡിവൈഎഫ്ഐക്കാരന് എന്നാണ് പറഞ്ഞത്. വി ഡി സതീശന്റെ തല പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു കള്ളം പ്രചരിപ്പിക്കുന്നത്. വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് സതീശനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായത്. ഇതില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതിയെ വെള്ളപൂശാനും അന്വേഷണം വഴിതിരിച്ച് വിടാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്’ – സനോജ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടുമുറ്റത്ത് മാലിന്യക്കുഴിയിലിട്ടുമൂടിയതും സിനിമാക്കഥ പോലെ യുവതിയെ കാണാനില്ലെന്ന് പ്രചാരണം നടത്തിയതും സമൂഹത്തെ ഞെട്ടിച്ചപ്പോള്‍ അത് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചാരണം.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബമാണ് വിഷ്ണുവിന്റേത്. തുവ്വൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2012 – 14 കാലത്ത് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സജീവ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. പഠനശേഷം യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി മണ്ഡലം സെക്രട്ടറിവരെയായി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായും അടുത്തബന്ധമുണ്ട്. എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഷ്ണുവിന്റെ ഫെയ്സ് ബുക്ക് പേജിലുണ്ട്. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും സജീവമാണ്. നേതാക്കളുമായും മറ്റുമുള്ള ബന്ധവും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വവും മറയാക്കിയായിരുന്നു വിഷ്ണുവിന്റെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍.
സുജിതയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നുമുള്ള കരുവാരക്കുണ്ട് പൊലീസിന്റെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു പ്രചരിപ്പിക്കുകയുംചെയ്തിരുന്നു. വിഷ്ണുവിന്റെ വീട്ടുമുറ്റത്തുനിന്ന് സുജിതയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാളാണ് മുഖ്യപ്രതിയെന്ന് ജനങ്ങള്‍ അറിയുന്നത്. അതോടെ, വിഷ്ണുവിനെ മെയ് 24ന് പുറത്താക്കിയിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി കെ അലക്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് സംഭവം അറിഞ്ഞയുടന്‍ യൂത്ത് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി എന്നാണ്. എന്നാല്‍ ജില്ലാ നേതൃത്വം അത്തരമൊരു അറിയിപ്പും നല്‍കിയിട്ടില്ല. കൊല്ലപ്പെട്ട സുജിതയുടെ ഭര്‍ത്താവ് മനോജിന്റെ കുടുംബവും കോണ്‍ഗ്രസ് അനുഭാവികളാണ്. കൊലപാതകം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എതിരാകുമെന്നു കണ്ടതോടെയാണ് സതീശന് പച്ചക്കള്ളം പറയുന്നത്. വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മലപ്പുറം ഡിസിസി ഓഫീസിനുമുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സതീശന്റെ കോലം കത്തിച്ചു.