തിരുവനന്തപുരം: മാനവികതയുടെ ലോക മാതൃകയായ ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി കൂടുതൽ ആശുപത്രികളിലക്ക്. 2017ൽ ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ വിവിധ ആശുപത്രികളിലായി -6,08,42,970 പൊതിച്ചോർ വിതരണം ചെയ്തു.
മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ ജില്ലകളിലെ 59 ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സ്നേഹപ്പൊതിയുമായി യുവത എത്തുന്നത്. പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനും ഭക്ഷണവിതരണത്തിനൊപ്പം രക്തദാനം പ്രോത്സാഹിപ്പിക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസവും ഭക്ഷണം നൽകാൻ ചുമതലപ്പെടുത്തുന്ന ഡിവൈഎഫ്ഐ മേഖലാ ഘടകങ്ങൾ അവരുടെ പ്രവർത്തന പരിധിയിലെ വീടുകളിൽ നിന്നാണ് പൊതിച്ചോർ ശേഖരിക്കുന്നത്. പൊതിച്ചോർ നൽകാനായി ജാതി മത ഭേദമെന്യേ കേരളത്തിലെ കുടുംബങ്ങൾ നന്മയുടെ പ്രതിരുപമായ യുവത്വത്തെ ഊഴം നോക്കി കാത്തിരിക്കുകയാണിപ്പോൾ.
പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളൊന്നിലും തളരാതെ മുഴുവൻ ദിവസവും ഭക്ഷണമെത്തിക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു. വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചില ആശുപത്രികളിൽ മൂന്നു നേരവും ഭക്ഷണം നൽകുന്നുണ്ട്. ഹൃദയപൂർവം പദ്ധതി ഇതിനകം ദേശീയ – അന്തർ ദേശീയ മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചു കഴിഞ്ഞു.
നേരത്തെ പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. Caste out: how Kerala’s food parcel scheme tackles poverty and prejudice എന്ന ലേഖനത്തിലാണ് ഡിവൈഎഫ്ഐ പദ്ധതിയെ കുറിച്ച് ഗാർഡിയൻ വിശദീകരിച്ചത്. 2017 ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറു വർഷം പിന്നിടുമ്പോൾ ദിനംപ്രതി 40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. ഉത്സവങ്ങളും അവധിദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്ഐ ഉച്ചഭക്ഷണം രോഗികളിലെത്തുക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.