തിരുവനന്തപുരം: കൊടും വര്‍ഗീയ വിഷം ചീറ്റുന്ന ‘കേരള സ്റ്റോറി’ക്കു പിന്നിലെ സംഘപരിവാര്‍ അജണ്ട വെളിച്ചത്തായതോടെ 32,000 മലയാളി യുവതികളുടെ കഥ മൂന്നു പേരിലേക്ക് ചുരുക്കി. ഒറ്റയടിക്ക് 31,997 പേര് പുറത്ത്. കേരളത്തില്‍ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന ആപത്കരമായ ലക്ഷ്യമാണ് കേരള സ്റ്റോറിക്കുള്ളത്.
സിനിമയുടെ ടീസര്‍ പുറത്തു വന്നതോടെ സമൂഹത്തില്‍ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഒറ്റയടിക്ക് 31,997 യുവതികളെ കേരള സ്റ്റോറിക്കാര്‍ വഴിയില്‍ ഉപേക്ഷിച്ചത്. ടീസറില്‍ ‘32000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥകള്‍’ എന്നത് 3 Young girls from different part of Kerala എന്നാക്കി മാറ്റി.
കേരള സ്റ്റോറിക്കാരുടെ ഹീന ലക്ഷ്യത്തിനു പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് ഈ തകിടം മറിച്ചില്‍. നട്ടാല്‍ മുളക്കാത്ത കള്ളമാണ് ഈ വിപത് സൃഷ്ടിയില്‍ ഉള്ളതെന്ന് ഇതോടെ തെളിഞ്ഞു. ശതമാന കണക്കില്‍ നോക്കിയാല്‍ 99.99 ശതമാനം നുണ. സംഘപരിവാര്‍ സമൂഹത്തെ എത്രത്തോളം വിഷലിപ്തമാക്കുന്നു എന്നാണിത് കാണിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമാക്കിയാണ് ‘കേരള സ്റ്റോറി’ പടച്ചുണ്ടാക്കിയത്. കേരളത്തെ മതതീവ്രവാദത്തിൻ്റെ കേന്ദ്രമായി പ്രതിഷ്ഠിക്കുകയാണ് ഇതിൻ്റെ പിന്നണിയിലെ ദുഷ്ട ശക്തികള്‍ ചെയ്തത്. ലവ് ജിഹാദ് ആരോപണവും അതിൻ്റെ പേരിലുള്ള മുറവിളികളും അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞതാണ്.
ലവ് ജിഹാദ് എന്നൊന്നില്ല എന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന് റെഡ്ഢി പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സിനിമ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റി. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമുള്ള പുതിയ നീക്കമായാണ് സമൂഹം കേരള സ്റ്റോറിയെ കാണുന്നത്.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കി എന്നതില്‍ ഊന്നിയാണ് ഈ വിഷബോംബ് പടച്ചുണ്ടാക്കിയത്. കേരള സ്റ്റോറിസിനിമക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേലങ്കിയണിയിക്കാന്‍ കുറേപ്പേര് രംഗത്തുവന്നിരുന്നു. 31,997 യുവതികളെ ഒറ്റയടിക്ക് ഒഴിവാക്കിയ സാഹചര്യത്തില്‍ ഇക്കൂട്ടര്‍ക്ക് എന്തു പറയാനുണ്ടെന്നതും കൗതുകകരമാണ്.
മത നിരപേക്ഷകേരളത്തെ ഒറ്റുകൊടുക്കാന്‍ സംഘപരിവാറിന് കൂട്ടു നില്ക്കുന്ന മഹാപരാധമാണ് ഈ ആവിഷ്കാര സ്വാതന്ത്ര്യവാദികള്‍ കാണിച്ചത്. ടീസറില്‍ 32,000 യുവതികളെ മൂന്നിലേക്ക് താഴ്ത്തിയത് സിനിമ നിര്‍മ്മിച്ചവരുടെ പരസ്യമായ കുറ്റസമ്മതമാണ്. അതിഗുരുതരമായ ക്രിമിനല്‍ കുറ്റത്തിനെതിരെ എന്തു നടപടിയാണ് അധികൃതരില്‍ നിന്നുണ്ടാവുക എന്നാണ് ഇനി അറിയേണ്ടത്.