തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നട്ടെല്ല് ആർഎസ്എസിന് പണയം വെച്ചിരിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബിജെപിയുടെ പ്രതിപക്ഷ നേതാവിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ബിജെപി ആഗ്രഹിക്കുന്ന തരത്തിൽ നിയമസഭയെ നടത്തിക്കൊണ്ടുപോകാനും ആർഎസ്എസ് ഉദ്ദേശിക്കുന്നചോദ്യങ്ങൾ ഉന്നയിക്കാനും ആണ് അദ്ദേഹം ശ്രമിക്കുന്നത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില ഫോട്ടോ ഷൂട്ടുകൾ നടത്തി എന്നത് ഒഴിച്ചാൽ ബിജെപിക്കെതിരെ എന്ത് ശബ്ദമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചപ്പോൾ അദ്ദേഹം മിണ്ടിയില്ല. പ്രതിപക്ഷ എംഎൽഎമാരെ മിണ്ടാനും അനുവദിച്ചില്ല. അമിത് ഷാ കേരളത്തിലെ ജനങ്ങളെ അവഹേളിച്ചപ്പോൾ അതിനെതിരെ ചെറുവിരൽ അനക്കിയില്ല. സ്വന്തം നട്ടെല്ല് ആർഎസ്എസിന് പണയം വെച്ചിരിക്കുകയാണ് അദ്ദേഹം.
നിയമസഭ ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ നിന്ന് തെന്നി മാറാനുള്ള കൃത്യമായ അജണ്ടയാണ് ഇതിന് പിന്നിൽ. ഒരു പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുകയും ആ പ്രസ്ഥാനത്തിൻ്റെ എംഎൽഎമാരെ ഉൾപ്പെടെ വഞ്ചിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയാണ് പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെങ്കിലും ബിജെപിയും ആർഎസ്എസുമായി അദ്ദേഹത്തിന് അന്തർധാര ഉണ്ടെന്ന് സ്ഥാപിക്കുന്ന സംഭവങ്ങളാണ് തുടർച്ചയായി ഉണ്ടാവുന്നത്. മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുന്ന പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ കാലം വിലയിരുത്തും.
അദ്ദേഹത്തെ പോയി കണ്ട് വണങ്ങുന്നവർക്ക് നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിയേ മന്ത്രിപ്പണി എടുക്കാവൂ എന്ന ഒരു തോന്നൽ അദ്ദേഹത്തിനുണ്ട്. ആ ചിന്ത പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയിൽ വച്ച് പൂട്ടുകയാണ് നല്ലത്. തുടർച്ചയായി അദ്ദേഹം മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്നു. ഈ സർക്കാറിൽ ഉള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് ആ പ്രസ്ഥാനം ഏൽപ്പിക്കുന്ന ചുമതലയുടെ ഭാഗമായാണ്.
വികസന കാര്യത്തിൽ അതുകൊണ്ടുതന്നെ സർക്കാരിന് പ്രതിപക്ഷ ഭരണപക്ഷ ഭേദമില്ല. എല്ലാ എംഎൽഎമാരെയും യോജിപ്പിച്ചു കൊണ്ടാണ് ഈ സർക്കാർ വികസനം നടപ്പാക്കുന്നത്. എന്നാൽ ഞങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്കെതിരെ ഒരു ആക്ഷേപം വന്നാൽ അത് മിണ്ടാതെ കേട്ടുനിൽക്കാനുള്ള സ്വതന്ത്ര പദവി അല്ല മന്ത്രി പദവി. ലക്ഷക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. രാഷ്ട്രീയ ത്യാഗം എന്താണെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുകയില്ല. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു 30 മിനിറ്റ് അദ്ദേഹം ജയിലിൽ കിടന്നിട്ടില്ല. അങ്ങനെയുള്ളവരോട് രാഷ്ട്രീയ ത്യാഗത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.
താൻ പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണ് എന്ന ജാള്യം അദ്ദേഹത്തിനുണ്ട്. ഖദറിട്ട് പാൽ പുഞ്ചിരിയോടെ കുറച്ചുകാലം എംഎൽഎ ആയി എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം. സ്വന്തം പാർട്ടിയിൽ പോലും അംഗീകാരം ഇല്ല എന്ന് അദ്ദേഹത്തിന് അറിയാം. തന്നിൽ സ്വയം വിശ്വാസം ആർജിക്കുകയാണ് പ്രതിപക്ഷ നേതാവ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു