തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ച അപകടകരമെന്ന് എ എ റഹീം എംപി. രണ്ട് വർഗീയ ശക്തികൾ എന്താണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയും ആർ എസ് എസും ഒരേ നാണയത്തിലെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്.
ആർഎസ്എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു. സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.