തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ ബിജെപി നേതാവിൻ്റെ വീട് ആക്രമിച്ച് ആർഎസ്എസുകാർ. തലശ്ശേരിക്കടുത്ത് ഇടത്തിലമ്പലത്തിലാണ് സംഭവം. ബിജെപി ഇടത്തിലമ്പലം വാർഡ് കൺവീനർ ഹിമം വീട്ടിൽ വരുണിൻ്റെ വീടാണ് തകർത്തത്. ജനൽ ഗ്ലാസുകൾ അടിച്ചു പൊളിച്ച സംഘം വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൻ്റെ ടയർ കുത്തിക്കീറുകയും ചെയ്തു. ഈ സമയം വരുണും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് ധർമടം പോലീസ് വീട്ടിലെത്തുകയും വരുണിൻ്റെ ഭാര്യ അനിഷയുടെ പരാതിയിൽ കേസെടുക്കയും ചെയ്തു.
സംഘപരിവാറിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിൽ. ക്വട്ടേഷൻ– ക്രിമിനൽ സംഘങ്ങൾ ഒരുഭാഗത്തും സാധാരണ പ്രവർത്തകർ മറുഭാഗത്തുമായി ഇടത്തിലമ്പലത്ത് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലാണ്. ചിറമ്മലിൽ ആൾതാമസമില്ലാത്ത വീടിന് നേരെ അടുത്തിടെയുണ്ടായ അക്രമം ചോദ്യംചെയ്തതാണ് വരുണിൻ്റെ വീടിന് നേരെ തിരിയാൻ കാരണം. പരാതി സ്റ്റേഷനിലെത്തുന്നത് തടയാൻ ബിജെപി- ആർഎസ്എസ് നേതാക്കൾ ഇടപെട്ടെങ്കിലും വരുൺ വഴങ്ങിയില്ല. പ്രദേശത്തെ സിപിഐ ഓഫീസ് 12 തവണയാണ് ഇതേ സംഘം ആക്രമിച്ചത്.