കോട്ടയം: ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ച സംഭവത്തിൽ കോട്ടയത്തെ സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിന് കാരണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഹോട്ടലിൽ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് മാസം മുമ്പും ഹോട്ടലിൽ ഭക്ഷ്യവിഷബാധയുണ്ടായിരുന്നതായി ആരോപണമുയർന്നു. അതേസമയം, ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പൊലീസിൽ പരാതി നൽകി. ഇരുവർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.