തിരുവനന്തപുരം: അബ്ദുറഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവര്‍ നടത്തിയത്. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതല്‍ അധിക്ഷേപിക്കുന്ന നിലപാടുകള്‍ മതപുരോഹിതര്‍ സ്വീകരിക്കുന്നത് അപലപനീയമാണ്. അബ്ദുറഹ്മാനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ പ്രസ്താവന:
”വിഴിഞ്ഞത്ത് തുറമുഖം സമരത്തിൻ്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ അക്രമണമടക്കമുളള കലാപശ്രമം നടത്തിയവര്‍, ഇപ്പോള്‍ മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട മന്ത്രി വി. അബ്ദു റഹ്മാൻ്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നാണ് സമര സമിതി നേതാവായിട്ടുള്ള ഫാ: തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞിട്ടുള്ളത്. അബ്ദു റഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദം എന്നത് ഫാദര്‍ വ്യക്തമാക്കണം. മന്ത്രിക്ക് സമരക്കാരോടല്ല അഹമ്മദ് ദേവര്‍ കോവിലിനോടാണ് കൂറെന്ന് പറയുക വഴി എന്ത് സന്ദേശമാണ് ഈ വൈദികനും സമരക്കാരും പൊതു സമൂഹത്തിനു നല്‍കുന്നത്.”
”സംഘ പരിവാറിൻ്റെ ഹിന്ദുത്വ അധീശത്വ കാലത്ത് രാജ്യത്തെ ക്രിസ്ത്യന്‍ സമുദായം അടക്കമുള്ള ന്യൂന പക്ഷങ്ങള്‍ ആശങ്കയിലാണ് കഴിഞ്ഞു പോകുന്നത്. അതില്‍ തന്നെ നിരന്തരം തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന ജന സമൂഹമാണ് മുസ്ലീങ്ങള്‍. മണിപ്പാലില്‍ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയുടെ പേര് കേട്ടപ്പോള്‍, തീവ്രവാദിയാണെന്ന നിലയില്‍ അയാളോട് പ്രതികരിച്ച അധ്യാപകന്റെ പെരുമാറ്റം വലിയ വിമര്‍ശനത്തിനിടയാക്കി. അദ്ധ്യാപകനെ നടപടി എടുത്ത വാര്‍ത്ത പുറത്ത് വന്നതും ഈ ദിവസമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതല്‍ അധിക്ഷേപിക്കുന്ന നിലപാടുകള്‍ മതപുരോഹിതര്‍ സ്വീകരിക്കുന്നത് അപലപനീയമാണ്. മന്ത്രി അബ്ദു റഹ്മാനെതിരായ വംശീയ പരാമര്‍ശം പിന്‍വലിച്ച് ഫാ: തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം.”